കൊച്ചി : ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച നടക്കും. എറണാകുളം ടൗൺ ഹാളില്‍ രാവിലെ 9 മുതൽ 11 വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് തൈക്കൂടത്തുള്ള വീട്ടിലെത്തിച്ച ശേഷം രണ്ടു മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 4.48ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗോപാലകൃഷ്ണന്റെ അന്ത്യം.
ഒരാഴ്ച മുൻപ് വീട്ടിൽവച്ചു വീണ് അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെയാണ് ഹൃദയാഘാതമുണ്ടായത്.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ മലയാളത്തിൽ പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കാളിദാസന്റെ കാവ്യഭാവന, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, വെളിച്ചം വിളക്കണച്ചു, നാടൻ പാട്ടിന്റെ മടിശ്ശീല, കണ്ണാ നീ ഉറങ്ങെടാ തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് പിറന്നവയാണ്.
1971ൽ പുറത്തിറങ്ങിയ വിമോചന സമരം ആണ് ആദ്യത്തെ ചലച്ചിത്രം. തുടർന്ന് ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചു.
ഭാര്യ: കനകമ്മ. മക്കൾ: രേഖ (ചെന്നൈ), രാഖി (അധ്യാപിക, മുംബൈ), ദിവ്യ (ആർക്കിടെക്ട്, കൊച്ചി), യദുകൃഷ്ണ (നെതർലൻഡ്സ്). മരുമക്കൾ: അശോകൻ (ചെന്നൈ), വിനോദ് (മുംബൈ), വിമൽ (ആർക്കിടെക്ട്, കൊച്ചി), രേഖ (നെതർലൻഡ്സ്).
#Mankombu #Gopalakrishnan's #funeral #tomorrow