(moviemax.in ) കനത്ത മഴയ്ക്ക് പിന്നാലെ ഇറാനിലെ ഒരു കടല്‍തീരത്തേക്ക് ഒഴുകിയെത്തിയത് രക്ത നിറമുള്ള വെള്ളം. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിത്രങ്ങളും വീഡിയോകളും വൈറലായതിന് പിന്നാലെ ഇറാനില്‍ രക്ത മഴ പെയ്യുകയാണെന്ന് ചിലരെഴുതി.
എന്നാല്‍ മറ്റ് ചില സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമെന്നായിരുന്നു. എന്നാല്‍, ഇറാനിലെ ഈ ചുവന്ന ജലത്തിന് പിന്നിലെ പ്രതിഭാസം മറ്റൊന്നാണ്.
ഇറാനിലെ ബന്ദർ അബ്ബാസ് തീരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹോർമുസ് ദ്വീപിലെ സിൽവർ ആൻഡ് റെഡ് ബീച്ചില്‍ പെയ്തിറങ്ങിയ മഴയാണ് ഇത്തരമൊരു പ്രതിഭാസത്തിന് ഇടയാക്കിയത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ഹോര്‍മുസ് ദ്വീപില്‍ രക്ത നിറമുള്ള ജലം നിറഞ്ഞെഴുകുന്നത് കാണാം. പ്രളയജലം പോലെ കരമുഴുവനും മൂടി നിറഞ്ഞെഴുകുന്ന രക്തനിറമുള്ള ജലം.
ആദ്യ കാഴ്ചയില്‍ തന്നെ അമ്പരപ്പും ഭയവും തോന്നിക്കാന്‍ സാധിക്കുന്നത്. കരയില്‍ നിന്നും ഒഴുകിയിറങ്ങിയ ചുവന്ന ജലം കടല്‍തീരത്തെ പോലും ചുവപ്പിച്ചു. നീണ്ട് കിടക്കുന്ന കടല്‍ത്തീരം മുഴുവനും രക്തനിറമുള്ള വെള്ളം നിറഞ്ഞു.
ചില സഞ്ചാരികൾ ഈ വെള്ളത്തിലൂടെ നടക്കുന്നതും നീന്തുന്നതും വീഡിയോകളില്‍ കാണാം. തീരത്തെ പാറകളില്‍ നിന്നും രക്തനിറമുള്ള ചെറുവെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു. ചില സമൂഹ മാധ്യമ ഉപയോക്താക്കൾ വിശ്വസവുമായും ദൈവ കോപവുമായും ബന്ധിപ്പിച്ചപ്പോൾ മറ്റ് ചിലര്‍ കാലാവസ്ഥ വ്യതിയാനമാണ് വെള്ളത്തിന്‍റെ നിറം മാറാന്‍ കാരണമെന്ന് എഴുതി.
എന്നാല്‍, ഈ പ്രതിഭാസം ഒരു വാര്‍ഷിക സംഭവമാണെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് റെയിന്‍ബോ ഐലന്‍ഡ് എന്നും അറിയപ്പെടുന്ന ഈ ദ്വീപിലെ മണ്ണ് അഗ്നിപര്‍വ്വത മണ്ണാണ്. അതിനാല്‍ തന്നെ ഈ മണ്ണില്‍ ഉയർന്ന അളവില്‍ ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. മണ്ണില്‍ ഉയർന്ന അളവില്‍ അടങ്ങിയിരിക്കുന്ന ധാതുക്കൾ വെള്ളവുമായി കലരുമ്പോൾ സവിശേഷമായ ചുവപ്പ് കലർന്ന തിളക്കമുണ്ടാകുന്നു. ഇതാണ് വെള്ളത്തിലെ രക്ത നിറത്തിന് കാരണം.
മണ്ണിന്‍റെ ഈ സവിശേഷ ഗുണങ്ങൾ കാരണം ഡൈയിംഗ്, ഗ്ലാസ്, സെറാമിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കും ഒപ്പം പ്രാദേശിക പാചകത്തില്‍ സോസുകൾക്കും ജാമുകൾക്കും പകരമായും ഈ മണ്ണ് ഉപയോഗിക്കുന്നു. ഈ മണ്ണ് ഭക്ഷ്യയോഗ്യമാണ്. ഏതാണ്ട് 70 ഓളം ധാതുക്കൾ ഈ മണ്ണില്‍ അടങ്ങിയിട്ടുണ്ടെന്ന് ഇറാന്‍ ഇറാൻ ടൂറിസം ആൻഡ് ടൂറിംഗ് ഓർഗനൈസേഷന്‍റെ സൈറ്റില്‍ അവകാശപ്പെടുന്നു.
#blood #rain #irans #coast #red #coloured #water