(moviemax.in ) ഉപ്പും മുളകിലെയും നീലു എന്ന കഥാപാത്രമാണ് നടി നിഷ സാരംഗിന് ജനപ്രീതി നേടി കൊടുത്തത്. എന്നാൽ അതിനും ഒത്തിരി മുൻപേ അഭിനയ രംഗത്തുണ്ടായിരുന്ന ആളാണ് നിഷ. പലപ്പോഴായി താൻ കടന്ന് വന്ന സഹാചര്യങ്ങളെ കുറിച്ച് നിഷ തുറന്ന് സംസാരിച്ചിരുന്നു. ചെറിയ പ്രായത്തിലെ വിവാഹിതയായി രണ്ട് പെൺകുട്ടികളുടെ അമ്മയായ ശേഷം ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ പറ്റിയും നടി പറഞ്ഞിട്ടുണ്ട്.
രണ്ട് പെൺമക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ ഇറങ്ങിയ ശേഷം നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് പറയുകയാണ് നിഷയിപ്പോൾ. ഭർത്താവില്ലാത്ത സ്ത്രീകളോട് അധികാരം കാണിക്കുന്ന ആളുകളെ കുറിച്ചും സ്വന്തമായി വീട് വാങ്ങാനുണ്ടായ കാരണത്തെ പറ്റിയുമാണ് കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നിഷ വെളിപ്പെടുത്തിയിരിക്കുന്നത്.
ആദ്യം സിനിമയിൽ അഭിനയിക്കാൻ വന്നതായിരുന്നില്ല ഞാൻ. ആരോ പറഞ്ഞപ്പോൾ പോയി അഭിനയിച്ചു. സെറ്റിലെത്തിയപ്പോൾ അഭിനയിക്കാമോ എന്ന് ചോദിച്ചു, ചെയ്യാമെന്നും പറഞ്ഞു. അന്നെനിക്കൊരു ഡയലോഗും ഉണ്ടായിരുന്നു.
ഇതെന്റെ പ്രൊഫഷൻ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സമയത്തൊക്കെ രാവിലെ എഴുന്നേറ്റ് ജോലിയ്ക്കൊരു വെക്കൻസി ഉണ്ടാവുമോ എന്ന് പത്രത്തിലെ പരസ്യം അരിച്ച് പെറുക്കി നോക്കും. കുറേ സ്ഥലത്ത് ജോലിയ്ക്ക് പോയിട്ടുണ്ട്.
ഇടയ്ക്ക് അച്ഛനെ സഹായിക്കുമ്പോൾ ചെറിയ തുക കിട്ടും. അതൊക്കെ കൂട്ടിവെച്ചാണ് ഓരോന്ന് ചെയ്തത്. അല്ലാതെ സിനിമ വേണം സീരിയൽ വേണമെന്ന് ഒന്നും ചിന്തിച്ചിട്ടില്ല. പിന്നെയാണ് നാടകത്തിൽ അഭിനയിക്കുന്നത്. എപ്പോഴും ഈശ്വരൻ എനിക്ക് കൂടെ ഉണ്ടായിരുന്നു എന്ന് ഞാൻ പറയും. കാരണം എന്നെ തേടി അവസരങ്ങൾ വന്ന് കൊണ്ടേയിരുന്നു.
കൈരളിയിൽ നിന്നും പ്രോഗ്രാം ചെയ്തതിന് ശേഷം എനിക്ക് ഒത്തിരി അവസരങ്ങൾ ലഭിച്ചു. ഒരേ സമയം ഒൻപത് സീരിയലുകളൊക്കെ ഞാൻ ചെയ്യുമായിരുന്നു. ഏത് ചാനൽ നോക്കിയാലും നിഷ ഉണ്ടല്ലോ എന്ന് പറയും. ഒന്നും ഞാൻ കളയില്ല. എന്നെ സംബന്ധിച്ച് അത്യാവശ്യം നല്ല പ്രതിഫലം കിട്ടുന്നുമുണ്ട്.
ഒരു ദിവസം തന്നെ മൂന്ന് ലൊക്കേഷനിൽ പോയി അഭിനയിക്കും. രാവിലെ ആറരയ്ക്ക് ഒക്കെ തുടങ്ങുന്ന ഷൂട്ട് വെളുപ്പ് വരെ നീണ്ട് പോകാറുണ്ട്. എടുത്തോണ്ടിരിക്കുന്ന സീൻ തീരുന്നത് രാത്രി രണ്ടുമണിയ്ക്കോ മൂന്ന് മണിക്കോ ഒക്കെ ആയിരിക്കും. ആ സമയത്ത് ഐസ് കട്ടയുടെ പുറത്ത് കയറി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.
ഉച്ചവരെ ഒരു ലൊക്കേഷനിലാണെങ്കിൽ അതിന് ശേഷം മറ്റൊന്നിലേക്ക് പോകും. ചിലപ്പോൾ രാത്രി മൂന്നാമതൊന്നിലേക്കും പോകുമായിരുന്നു. അങ്ങനെ ഓടി നടന്നിട്ടാണ് സ്ഥലവും വീടുമൊക്കെ ഉണ്ടാക്കിയതെന്ന് നിഷ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി വീട് വേണം എന്നതായിരുന്നു.
കാരണം വേദനിപ്പിക്കുന്ന കാരണങ്ങൾ അതിന് പിന്നിൽ ഉണ്ടായിട്ടുള്ളത് കൊണ്ടാണ്. നമുക്കൊരു വീട് ഉണ്ടായാൽ ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ. വീടില്ലാത്തതിന്റെ പേരിൽ എനിക്കൊരുപാട് വേദനിക്കേണ്ടി വന്നിട്ടുണ്ട്.
എന്റെ വീട്ടിൽ നിന്നും പോന്നതിന് ശേഷം വാടകയ്ക്ക് താമസിക്കാൻ ചെല്ലുമ്പോൾ കൂടെ ഭർത്താവില്ലെന്ന് പറഞ്ഞാൽ വീട് തരില്ല. സീരിയലിൽ അഭിനയിക്കുന്നതും പ്രശ്നമാണ്.
ഒരു സീരിയൽ നടിയായ സ്ത്രീ രണ്ട് കുട്ടികളുമായി താമസിക്കാൻ വന്നിരിക്കുകയാണെന്ന് പറയും. വീടിന്റെ പേരിലാണ് ഞാനേറ്റവും കൂടുതൽ അനുഭവിച്ചിരിക്കുന്നത്. ഭർത്താവില്ലാത്ത സ്ത്രീകളോട് കാണുന്ന എല്ലാവർക്കും ഭയങ്കര അധികാരമാണ്. അങ്ങനെയുള്ള സ്ത്രീകൾക്കേ എൻ്റെ വേദനയും വിഷമവും മനസിലാവുകയുള്ളു എന്നും നിഷ പറയുന്നു.
#actress #nishasarang #spoke #about #her #struggles #single #mother #life