വർഷങ്ങൾക്ക് മുമ്പ് യുവാക്കളെപ്പോലും ടെലിവിഷന് മുമ്പിൽ പിടിച്ചിരുത്തിയ സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ്. അതിന് മുമ്പും ശേഷവും അത്തരത്തിൽ ശ്രദ്ധനേടിയ ഒരു സീരിയൽ മലയാളത്തിൽ ഉണ്ടായിട്ടില്ല.
ഫൈവ് ഫിംഗേഴ്സ് എന്ന അഞ്ച് വിദ്യാർത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ കഥാ തന്തു. രഞ്ജിത്ത് രാജ്, ശാലിൻ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹൻദാസ്, ജിഷിൻ മോഹൻ, ശരത് കുമാർ തുടങ്ങിയവരായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്.
താരങ്ങളിൽ പലരും പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി എങ്കിലും പ്രേക്ഷകർ ഇന്നും അവരെയെല്ലാം തിരിച്ചറിയുന്നത് ഓട്ടോഗ്രാഫ് താരങ്ങൾ എന്ന രീതിയിൽ തന്നെയാണ്.
എന്നാൽ സീരിയലിൽ ഫൈവ് ഫിംഗേഴ്സിൽ ഒരാളായി അഭിനയിച്ചിരുന്ന ശരത് കുമാർ ഇന്ന് ഈ ലോകത്തില്ല. പത്ത് വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്.
ഓട്ടോഗ്രാഫിലെ ശരത്തിന്റെ രാഹുലെന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടയിൽ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചാണ് നടൻ മരിച്ചത്.
പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ശൂന്യത ഇന്നും ശരത്തിനൊപ്പം ഓട്ടോഗ്രാഫിൽ ഒപ്പം അഭിനയിച്ച താരങ്ങൾക്കുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വേർപാടിന്റെ പത്താം വർഷത്തിൽ ഓട്ടോഗ്രാഫ് താരം സോണിയ പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ശരത്തിനെ ഓർക്കാതെ തന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നാണ് ഓർമ കുറിപ്പ് പങ്കുവെച്ച് സോണിയ കുറിച്ചത്.
ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും അത് ഇന്നലെ പോലെ തോന്നുന്നു. നീ ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നു. നീ എന്റെ സഹോദരനായിരുന്നു.
നമ്മൾ പങ്കിട്ട നിമിഷങ്ങൾ, ചിരി, പിന്തുണ, ഒരിക്കലും മാറ്റിസ്ഥാപിക്കാൻ കഴിയാത്ത ബന്ധം... ഇതൊന്നും ഓർമ്മിക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. നീ ഇപ്പോൾ ഇവിടെയില്ലെങ്കിലും നിന്റെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്നു. എന്റെ സഹോദരാ... സമാധാനത്തോടെ വിശ്രമിക്കൂ.
നിന്നെ വല്ലാതെ മിസ് ചെയ്യുന്നു... പക്ഷെ ഒരിക്കലും മറക്കില്ല എന്നാണ് സോണിയ കുറിച്ചത്. സോണിയയുടെ കുറിപ്പിന് താഴെ ഓട്ടോഗ്രാഫിന്റെ പ്രേക്ഷകരായിരുന്നവരെല്ലാം രാഹുലായുള്ള ശരത്തിന്റെ പ്രകടനത്തിനെ കുറിച്ചും ഓട്ടോഗ്രാഫ് സീരിയലിനെ കുറിച്ചുമുള്ള ഓർമകളും പങ്കുവെച്ചു.
രാജസേനന്റെ കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് മിനിസ്ക്രീനിലേക്ക് ശരത് എത്തിയത്. ഓട്ടോഗ്രാഫിന് പുറമെ ചന്ദനമഴ, സരയൂ തുടങ്ങിയ സീരിയലുകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. സോണിയ ഇപ്പോഴും സീരിയൽ രംഗത്ത് സജീവമാണ്.
വിവാഹിതയും കുടുംബിനിയുമായ സോണിയ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയ വഴിയാണ് ആരാധകരിലേക്ക് എത്തിക്കാറുള്ളത്. എന്റെ യഥാർത്ഥ പേര് പലർക്കും ഇപ്പോഴും അറിയില്ല.
സത്യം പറഞ്ഞാൽ അന്ന് അഭിനയിക്കുമ്പോൾ ആ പരമ്പരയ്ക്ക് അത്രയും സ്വീകാര്യതയുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശരത്തിനെയാണ്. അവൻ ഞങ്ങളെ വിട്ടുപോയിയെന്ന് കരുതാൻ പറ്റുന്നില്ല. ഇപ്പോഴും അവൻ ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ശരത് വിളിക്കുമ്പോഴെല്ലാം ചോദിക്കുമായിരുന്നു എപ്പോഴാണ് ചേച്ചി ഞാനൊരു അമ്മാവൻ ആവുകയെന്ന്. അത് കാണുവാൻ അവന് പറ്റിയില്ല.
മൂത്ത മകൻ ജനിച്ച സമയത്ത് കുഞ്ഞിനെയും കൊണ്ട് അവന്റെ വീട്ടിൽ പോയിരുന്നു എന്നുമാണ് സോണിയ മുമ്പൊരു അഭിമുഖത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
വിവാഹശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്നും സോണിയ ഇടവേള എടുത്തിരുന്നു. മൃദുല എന്ന കഥാപാത്രമായി അഭിനയിച്ച ശ്രീക്കുട്ടിയും യുട്യൂബ് ചാനലും സോഷ്യൽമീഡിയയുമായി സജീവമാണ്.
#Autograph #star #Sarath #ten #years #old #Sonia #note