സീരിയൽ താരം ദിവ്യ ശ്രീധറിനെ വിവാഹം ചെയ്തതോടെയാണ് നടൻ ക്രിസ് വേണുഗോപാൽ എന്ന പേര് സൈബർ ലോകത്ത് വലിയ രീതിയിൽ ചർച്ച വിഷയമായി മാറിയത്. ദിവ്യയ്ക്കൊപ്പം നിൽക്കുന്ന നടന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഈ കിളവനെ മാത്രമെ വിവാഹം ചെയ്യാൻ നടിക്ക് കിട്ടിയുള്ളോ എന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ. ദിവ്യയ്ക്ക് നാൽപ്പത്തിമൂന്നും ക്രിസ്സിന് നാൽപ്പത്തിയൊമ്പതും വയസാണ് പ്രായം.
ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. കിളവനെന്ന രീതിയിൽ ക്രിസ് അധിക്ഷേപം കേൾക്കാനുള്ള പ്രധാന കാരണം ക്രിസ്സിന്റെ നരച്ച താടിയും മുടിയുമായിരുന്നു. എന്നാൽ താൻ ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയെപ്പോലെ സുന്ദരനായിരുന്നുവെന്ന് ക്രിസ് പറയാതെ പറയുകയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ.
പല വർഷങ്ങളിലായി പകർത്തിയ തന്റെ ചില ഫോട്ടോകളാണ് നടൻ പങ്കുവെച്ചത്. പല പ്രായത്തിലും രൂപത്തിലുമുള്ള ക്രിസ്സിന്റെ ഫോട്ടോകൾ വൈറലാണ്. യുവാവായിരിക്കുമ്പോഴുള്ള ക്രിസ്സിന്റെ രൂപം വളരെ വ്യത്യസ്തമാണെന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും കമന്റുകളുണ്ട്. മുത്തശ്ശനെ ദിവ്യ ശ്രീധർ കല്യാണം കഴിച്ചുവെന്ന തരത്തിലും ചിലർ പരിഹസിച്ചിരുന്നു.
പത്തരമാറ്റ് എന്ന സീരിയലിൽ പ്രായമായ കഥാപാത്രത്തെയാണ് ക്രിസ് വേണുഗോപാൽ അവതരിപ്പിക്കുന്നത്. ഈ ഇമേജും കൂടിയായപ്പോൾ ഏറെ പ്രായം ചെന്നയാളാണ് ക്രിസ്സെന്ന് സോഷ്യൽമീഡിയ ഉപയോഗിക്കുന്ന പലരും തെറ്റിദ്ധരിച്ചു. വിദ്യാഭ്യാസം കൊണ്ടും ബുദ്ധികൊണ്ടും കല കൊണ്ടും കഴിവുകൊണ്ടും ഇതിനോടകം പല നേട്ടങ്ങളും ക്രിസ്സിന് ജീവിതത്തിലുണ്ടായിട്ടുണ്ട്.
എന്നാൽ മുടി കറുപ്പിച്ച് നര മറച്ച് വെച്ച് ജീവിക്കുന്നതിനോടും നടന് താൽപര്യമില്ല. നടനായിട്ടാണ് പ്രേക്ഷകർക്ക് ക്രിസ്സിനെ പരിചയമെങ്കിലും റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളായി സജീവമാണ് ക്രിസ്. കൂടാതെ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് താരം. ആറ് ഭാഷകളിൽ വോയ്സ് ഓവർ ചെയ്തിട്ടുണ്ട്. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കി. ഡിജിറ്റൽ ഫിലിം മേക്കിംഗും പൂർത്തിയാക്കി.
2018ൽ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു. പിന്നീട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായും കുറച്ച് കാലം പ്രവർത്തിച്ചു. കൂടാതെ ഈവനിങ് കോളജിൽ ചേർന്ന് ലോയും പഠിച്ചു. തന്റെ പ്രായത്തെ കുറിച്ച് ആളുകൾക്കിടയിൽ ചർച്ചയുണ്ടായപ്പോൾ ക്രിസ് തന്നെ ഒരിക്കൽ പ്രതികരിച്ച് എത്തിയിരുന്നു.
പത്തരമാറ്റിലെ മുത്തശ്ശനേക്കാൾ ചെറുപ്പമാണ് എനിക്കെന്ന് കുറച്ച് പേർക്കറിയാം. പ്രേക്ഷകർ പ്രായമായ ആളായി തന്നെയാണ് കാണുന്നത്. എന്റെ കൂടെ എന്റെ ഭാര്യയായി അഭിനയിക്കുന്ന ബിന്ദു രാമകൃഷ്ണൻ എന്റെ അമ്മയേക്കാൾ ഒരു വയസിന് ഇളയ ആളാണ്. അവരുടെ മൂത്ത മകന് എന്നേക്കാൾ ഒരു വയസ് കുറവാണ്. പക്ഷെ എവിടെയോ ഈ നര കൊണ്ട് പ്രായം തോന്നിക്കുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ എന്റെ രണ്ട് മുത്തശ്ശൻമാരെയാണ് ഞാൻ മോഡൽ ചെയ്യുന്നത്.
അമ്മയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും. അവരുടെ സംസാര രീതിയും പെരുമാറ്റവും നിരീക്ഷിച്ചതായിരിക്കാം എന്നെ സഹായിച്ചത് എന്നാണ്. 2024 അവസാനത്തോടെ ഗുരുവായൂരിൽ വെച്ചായിരുന്നു ദിവ്യയുടേയും ക്രിസ്സിന്റെയും വിവാഹം. ആഘോഷമായി നടന്ന വിവാഹത്തിന്റെ വീഡിയോകളും വൈറലായിരുന്നു. ദിവ്യയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
അവരുടെ സംരക്ഷണ ചുമതലയും ക്രിസ് തന്നെയാണ് വഹിക്കുന്നത്. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. വിവാഹശേഷവും ദിവ്യ സീരിയൽ അഭിനയവുമായി സജീവമാണ്. കണ്ണൂർ സ്വദേശിനിയാണ് താരം. അടുത്തിടെ ഇരുവരും വിവാഹമോചിതരായി എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചപ്പോൾ ദിവ്യയും ക്രിസ്സും രംഗത്തെത്തി പ്രതികരിച്ചിരുന്നു. തന്റെ ആദ്യ വിവാഹ ജീവിതം ടോക്സിക്കായിരുന്നുവെന്ന് ക്രിസ് തന്നെ വെളിപ്പെടുത്തിയിരുന്നു.
#malayalam #serial #actor #krissvenugopal #shared #his #young #old #photos #goes #viral