( moviemax.in ) ബേസിൽ ജോസഫ് നായകനായ പൊന്മാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലൊന്ന് ചെയ്തത് നടി സന്ധ്യ രാജേന്ദ്രനാണ്. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയാണ് സന്ധ്യ രാജേന്ദ്രൻ. അഭിനയ പ്രതിഭകളായ ഒ മാധവന്റെയും വിജയകുമാരിയുടെയും മകൾ. സീരിയൽ പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സന്ധ്യ രാജേന്ദ്രൻ ഇടയ്ക്ക് അഭിനയത്തിലും സാന്നിധ്യം അറിയിക്കാറുണ്ട്. പൊന്മാനിലെ ഇവരുടെ പ്രകടനം പ്രശംസ നേടുന്നുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്ധ്യ രാജേന്ദ്രൻ.
അമ്മ വിജയകുമാരി ഇപ്പോഴും അഭിനയിക്കാനാഗ്രഹിക്കുന്നയാളാണെന്ന് സന്ധ്യ രാജേന്ദ്രൻ പറയുന്നു. കൗമുദിയോടാണ് പ്രതികരണം. അഭിനയിക്കാനുള്ള താൽപര്യം കൊണ്ട് മാത്രമാണ് അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പോലും മുകേഷേട്ടനോട് മോനേ എനിക്ക് നല്ലൊരു വേഷം കിട്ടിയിട്ട് വേണം അഭിനയിക്കാൻ എന്ന് പറഞ്ഞു. ഇടക്കാലത്ത് കുറച്ച് അസുഖമായി കിടന്നിരുന്നു. പ്രായം കാരണം പഴയത് പോലെ തിരിച്ച് വരുമോ എന്ന് സംശയമുണ്ടായിരുന്നു.
എന്നാൽ തിരിച്ച് വന്ന് നമ്മളേക്കാളും മിടുക്കിയായി ആ വീട്ടിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവരൊരു നടിയായതാണ്. അഭിനയിക്കാനുള്ള ത്വര ഇതുവരെ തീർന്നിട്ടില്ല. ആ എനർജിയാണ് അവരെ ജീവിപ്പിക്കുന്നത്. മുകേഷേട്ടനോട് ഞാൻ പറയാറുണ്ട്. നമ്മൾ പല കാര്യങ്ങൾക്കും മൂഡ് ഓഫ് ആകുന്നു, ഇനി ജീവിതം എന്തെന്ന് ചിന്തിക്കുന്നു.
ചെറിയ കാര്യം മതി പുള്ളിക്കാരൻ അപ്പോൾ ഫെഡ് അപ്പ് ആകും. നമ്മുടെ അമ്മയെ കണ്ട് പഠിച്ചാൽ പേരെയെന്ന് ഞാൻ ചോദിക്കാറുണ്ട്. അമ്മ മുകളിലത്തെ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് വരും. സ്റ്റെപ്പ് കയറുന്ന ക്യാരക്ടറുണ്ടെങ്കിലോ എന്ന് കരുതിയാണത്.
അഭിനയത്തിൽ നിന്ന് ഞാൻ മടിച്ച് നിന്നതല്ല. മുകേഷിന്റയെും ദേവികയുടെയും (മേതിൽ ദേവിക) നാഗ എന്ന നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. കുരുടമ്മ എന്ന ക്യാരക്ടർ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. സംവിധായകൻ സുവീരൻ എന്തുകൊണ്ട് സന്ധ്യ ചേച്ചിയെ വിളിച്ച് കൂടെന്ന് അണ്ണനോട് (മുകേഷ്) ചോദിച്ചു. അവൾ സമ്മതിക്കുമോ എന്നറിയില്ലെന്ന് അണ്ണൻ പറഞ്ഞു. തന്റെ ആദ്യ റിഹേഴ്സൽ കണ്ടപ്പോഴേ അണ്ണന് തന്നോട് മതിപ്പ് തോന്നിയെന്ന് സന്ധ്യ രാജേന്ദ്രൻ ഓർത്തു.
ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് താനാഗ്രഹിക്കുന്നതെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി. പൊന്മാനിലെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസകളെക്കുറിച്ചും സന്ധ്യ സംസാരിച്ചു. ഞാൻ അഭിനയിക്കാതിരിക്കുന്നതിൽ വിഷമമുള്ളയാളാണ് മുകേഷേട്ടൻ. ഇനി നീ അഭിനയിക്കാൻ പോയില്ലെങ്കിൽ അവിടെ വന്ന് ഞാനടിക്കും എന്ന് അദ്ദേഹം പറഞ്ഞെന്നും സന്ധ്യ രാജേന്ദ്രൻ പറയുന്നു.
മുകേഷിനൊപ്പമുള്ള കുട്ടിക്കാലത്തെ ഓർമകളും സന്ധ്യ പങ്കുവെക്കുന്നുണ്ട്. പഠിത്തം കഴിഞ്ഞിട്ട് മതി അഭിനയമെന്ന് അച്ഛന് നിർബന്ധമായിരുന്നു. താനും സഹോദരങ്ങളും ഉന്നത വിദ്യഭ്യാസം നേടിയവരാണെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി. അഭിനയത്തിൽ ടൈംമിഗ് കൃത്യമായ നടനാണ് മുകേഷെന്നും സന്ധ്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സിനിമയും രാഷ്ട്രീയവുമായി തിരക്കുകളിലാണ് മുകേഷ്. സന്ധ്യ രാജേന്ദ്രനെക്കൂടാതെ ജയശ്രീ എന്ന സഹോദരിയും മുകേഷിനുണ്ട്.
#mukeshs #sister #sandhyarajendran #opens #up #about #family #mention #mothers #passion #acting