( moviemax.in ) പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രിയാമണി. നേരിന് ശേഷം നടി ചെയ്ത മലയാള സിനിമയാണിത്. പല ഭാഷകളിലായി സിനിമകളും സീരിസും ചെയ്യുന്ന പ്രിയാമണിക്ക് പിന്തുണ നൽകി ഭർത്താവ് മുസ്തഫ രാജും ഒപ്പമുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഭർത്താവിന്റെ അഭിപ്രായം സ്വീകരിക്കാറുണ്ടെന്ന് പ്രിയാമണി നേരത്തെ വ്യക്തമാക്കിയതാണ്. 2017 ലാണ് പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരായത്.
പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ട് മതസ്ഥരാണ്. ഒന്നിച്ചപ്പോൾ കടുത്ത സെെബറാക്രണം ഇവർക്കെതിരെ വന്നിട്ടിണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ മോശം കമന്റുകൾ തനിക്ക് വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
എന്നോട് സ്നേഹമുണ്ടെന്ന് കരുതിയ പ്രേക്ഷകർക്ക് വേണ്ടി ഈ സന്തോഷ വാർത്ത പങ്കുവെക്കാമെന്നാണ് ഞാൻ കരുതിയത്. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. എന്റെ എൻഗേജ്മെന്റാണ്, ജീവിതത്തിലെ സന്തോഷകരമായ ദിവസമാണിതെന്ന് പറഞ്ഞു.
പെട്ടെന്ന് അനാവശ്യമായ വിദ്വേഷം വന്നു. ലൗ ജിഹാദ് എന്ന ആരോപണം വന്നു. നാളെ നിങ്ങൾക്ക് ജനിക്കുന്ന കുട്ടി ഐഎസിൽ പോകുമെന്നൊക്കെ പരിധി വിട്ട് കമന്റുകൾ വന്നെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി. തന്നെ ഇത് മാനസികമായി ബാധിച്ചിരുന്നെന്നും പ്രിയാമണി പറയുന്നു.
ഞാനൊരു മീഡിയ പേഴ്സൺ ആണ്. ആളുകൾക്ക് പറയാനുള്ളത് പറയാം. പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരാളെ എന്തിനാണ് ആക്രമിക്കുന്നത്. ആരാണ് ആ വ്യക്തി എന്ന് പോലും നിങ്ങൾക്കറിയില്ല. ഈ ജെന്റിൽമാനെ വിവാഹം ചെയ്യുകയാണെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. രണ്ട് മൂന്ന് ദിവസം തന്നെയത് ബാധിച്ചു. ഫേസ്ബുക്കിലുണ്ടായിരുന്ന ആ സമയത്ത് ഒരുപാട് മെസേജുകൾ വന്നു.
ഇപ്പോഴും അദ്ദേഹത്തോടൊപ്പം ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പത്തിൽ ഒമ്പത് കമന്റുകളും മതത്തെക്കുറിച്ചും മറ്റുമായിരിക്കും. തീ ആളിക്കത്തിക്കുന്നതിൽ കാര്യമില്ലെന്ന് പിന്നീട് ഞാൻ മനസിലാക്കി. മറുപടി നൽകി ആ വ്യക്തിയെ പ്രശസ്തനാക്കേണ്ടതില്ല. മുമ്പ് ഞാനങ്ങനെ ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇത്തരക്കാർക്ക് പ്രാധാന്യം കൊടുക്കേണ്ടെന്ന് താൻ മനസിലാക്കിയെന്ന് പ്രിയാമണി വ്യക്തമാക്കി.
തിരിഞ്ഞ് നോക്കുമ്പോൾ പണ്ടത്തെ പ്രിയമണിയോട് ഇന്ന് പറയാനാഗ്രഹിക്കുന്ന കാര്യവും നടി പങ്കുവെച്ചു. ഒരുപാട് നിഷ്കളങ്കയാകരുത്. സിനിമാ പശ്ചാത്തലമൊന്നുമില്ലാതെയാണ് ഈ രംഗത്തേക്ക് വന്നത്. ഗോഡ്ഫാദർ ഉണ്ടായിരുന്നില്ല. ശരിയായ പാതയിലൂടെ എന്നെ കൊണ്ട് പോകാൻ ആരും ഉണ്ടായിരുന്നില്ല. ആരെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു.
പെട്ടെന്ന് ആരെയും വിശ്വസിക്കരുത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഉപദേശം ചോദിച്ചപ്പോൾ ശരിയായ ഉപദേശം തനിക്ക് ലഭിച്ചിരുന്നില്ലെന്നും പ്രിയാമണി വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണിപ്പോൾ പ്രിയാമണി. ഫാമിലി മാൻ സീസൺ ത്രീയാണ് പ്രിയാമണിയുടെ ആരാധകർ കാത്തിരിക്കുന്ന പ്രൊജക്ട്. സീരീസിന്റെ രണ്ട് സീസണുകളിലും നടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
#priyamani #recalls #reaction #some #people #when #she #announced #her #engagement