( moviemax.in ) വിയറ്റ്നാമിൽ നിന്നുള്ള ഒരു യുവതിയുടെ പിറന്നാൾ ആഘോഷം അപ്രതീക്ഷിതമായി അവസാനിച്ചത് അപകടത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേൽക്കുകയായിരുന്നു.
വിയറ്റ്നാമിലെ ഹനോയിയിലാണ് യുവതിയുടെ ജന്മദിനാഘോഷം നടന്നത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അപകടമുണ്ടായതും. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂൺ പൊട്ടിത്തെറിച്ചത്. ഇതോടെ അവിടമാകെ ഒരു തീഗോളം പോലെ നിൽക്കുന്നതും കാണാം. ജിയാങ് ഫാം എന്ന യുവതിക്കാണ് പിറന്നാൾ ദിനത്തിൽ പൊള്ളലേറ്റത്.
എന്തായാലും, പിറന്നാൾ ആഘോഷത്തിലുണ്ടായ ഈ അപകടത്തിന്റെ വീഡിയോ ജിയാങ് ഫാം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫെബ്രുവരി 14 -നാണ് ജിയാങ്ങിന്റെ പിറന്നാൾ ആഘോഷം നടന്നത്. ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ആ ഹാൾ ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം.
അവിടെ ഒരു കയ്യിൽ ബലൂണും മറുകയ്യിൽ പിറന്നാൾ കേക്കുമായി ജിയാങ്ങും നിൽക്കുന്നതും കാണാം. എന്നാൽ, പെട്ടെന്നാണ് ബലൂണൊരു തീഗോളമായി മാറിയത്. യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയിൽ നിന്നും ബലൂണിലേക്ക് തീ പാളുകയായിരുന്നു. പെട്ടെന്ന് ബലൂൺ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയിൽ കാണാം.
ജിയാങ്ങിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൊള്ളലേറ്റ ഉടനെ തന്നെ അവൾ ബാത്ത്റൂമിലേക്ക് ഓടി. വെള്ളമെടുത്ത് മുഖം കഴുകി. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തി എന്നും പറയുന്നു.
ആറ് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, എന്നാൽ ഇന്ന് മാത്രമാണ് ഇതേക്കുറിച്ച് വിശകലനം ചെയ്യാൻ തനിക്ക് സാധിച്ചത് എന്നും ജിയാങ് പറഞ്ഞു. താൻ ഒരുപാട് കരഞ്ഞുവെന്നും മുഖത്ത് പൊള്ളലേറ്റതിനെ തുടർന്ന് തനിക്കിനി തന്റെ ജോലി ചെയ്യാൻ സാധിക്കില്ല എന്നാണ് കരുതിയത് എന്നും അവൾ പറയുന്നു.
എന്നാൽ, പൊള്ളൽ ഗുരുതരമല്ല, പാടുകൾ പൂർണമായും മാറുമെന്ന് ഡോക്ടർ ജിയാങ്ങിന് ഉറപ്പ് നൽകി. ബലൂണിൽ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു, കടക്കാരൻ മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും അവൾ പറഞ്ഞു.
#hydrogen #balloons #explode #birth #day #celebration #woman #suffers #facial #burn