(https://moviemax.in/) മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പേരന്റിംഗിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി.
വീട്ടിലെ വിശേഷങ്ങളും എഴുത്തു വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം അശ്വതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മൂത്ത മകൾ പദ്മയുടെ അരങ്ങേറ്റത്തെക്കുറിച്ചാണ് അശ്വതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.
''പത്മയുടെ അരങ്ങേറ്റമായിരുന്നു. അവളേക്കാൾ ഞാനാണ് അതാഗ്രഹിച്ചിരുന്നത്, എന്നാൽ എന്നെക്കാൾ അവളത് ആഗ്രഹിച്ച നിമിഷത്തിലാണത് നടന്നത്. സന്തോഷം കൊണ്ട് കരയുന്നതിനെക്കാൾ മനോഹരമായൊരു അവസ്ഥ വേറെയുണ്ടോ എന്നറിയില്ല, അവളെ ആദ്യമായി അരങ്ങിൽ കാണുമ്പോൾ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയിരുന്നു… എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു...!! ഈ കോസ്റ്റ്യൂമിൽ നൃത്തം ചെയ്യാനാഗ്രഹിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഇപ്പോൾ എന്റെ മകളിലൂടെ അതു കാണുന്ന അമ്മയായി ഞാൻ. അങ്ങനെ ഞാൻ സുഖപ്പെട്ടു...'', എന്നാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് അശ്വതി പങ്കുവച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''ഇതു പോലൊരു നിമിഷം എനിക്കും ഉണ്ടായിരുന്നു അപ്പോൾ ഒപ്പം ഞാനും മോളോടൊപ്പം അരങ്ങേറി .. സ്വപ്നതുല്യമായൊരു നിമിഷമായിരുന്നു. പദ്മയും അമ്മയെയും കണ്ടപ്പോ ഞങ്ങളെ ഓർമ വന്നു'', എന്നാണ് ആരാധകരിലൊരാൾ കുറിച്ചത്. ഇതേ അനുഭവത്തിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ടെന്നാണ് മറ്റു ചിലർ പറയുന്നത്.
ഇളയ മകൾ കമലയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോയും അടുത്തിടെ അശ്വതി പങ്കുവെച്ചിരുന്നു. കമല പഠിക്കുന്ന പ്ലേ സ്കൂളിലെ വാർഷിക ദിനത്തോട് അനുബന്ധിച്ചായിരുന്നു പെർഫോമൻസ്. മൂത്ത മകൾ പത്മയോടൊപ്പമാണ് അശ്വതി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെയായിരുന്നു.
Aswathi's emotional note sharing her daughter's happiness


































