ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് സ്മിത പാട്ടീല്‍. തന്റെ അഭിനയം കൊണ്ട് സ്മിത പാട്ടീല്‍ വിസ്മയിച്ചിട്ടുള്ള സിനിമകള്‍ നിരവധിയാണ്. സമാന്തര സിനിമാ ലോകത്തെ മിന്നും താരമായിരുന്ന സ്മിത പാട്ടീല്‍ മുഖ്യധാരയിലും കയ്യടി നേടിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമാ ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച നടിമാരില്‍ ഒരാളായാണ് സ്മിത പാട്ടീലിനെ കണക്കാക്കുന്നത്. അപ്രതീക്ഷിതമായി മരണം അവരെ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ഇന്നും സ്മിത നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നേനെ.
സിനിമ പോലെ തന്നെ സ്മിതയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടന്‍ രാജ് ബബ്ബറുമായുള്ള സ്മിതയുടെ പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായി മാറിയതാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു രാജ് സ്മിതയുമായി പ്രണയത്തിലാകുമ്പോള്‍.
പ്രസവ സമയത്തെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്മിത മരണപ്പെടുന്നത്. രാജിന്റേയും സ്മിതയുടേയും മകനാണ് നടന്‍ പ്രതീക് ബബ്ബര്‍. സ്മിതയും രാജ് ബബ്ബറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് രാജിന്റെ ആദ്യ വിവാഹത്തിലെ മകള്‍ ജൂഹി ബബ്ബര്‍ ഈയ്യടുത്ത് സംസാരിച്ചിരുന്നു.
അച്ഛനും സ്മിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏഴ് വയസുള്ളപ്പോള്‍ തന്നെ തനിക്ക് അറിയാമായിരുന്നുവെന്നാണ് ജൂഹി പറയുന്നത്. സ്മിത പാട്ടിലും താനുമായി വളരെ നല്ല അടുപ്പമാണ് ഉണ്ടായിരുന്നതെന്നും ജൂഹി ഓര്‍ക്കുന്നുണ്ട്. തങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ സ്മിത പാട്ടീല്‍ എന്നും ശ്രമിച്ചിരുന്നുവെന്നും ജൂഹി പറയുന്നുണ്ട്.
''എനിക്ക് വെറും ഏഴ് വയസുള്ളപ്പോള്‍ തന്നെ അച്ഛന്‍ സ്മിത പാട്ടീലുമായി തനിക്കുള്ള ബന്ധം എന്നോട് പറഞ്ഞിരുന്നു. അതിനാല്‍ സ്മിതാജീയുമായുള്ള ഓര്‍മ്മകള്‍ വ്യത്യസ്തമാണ്. എനിക്ക് വേണ്ടി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്റെ മക്കള്‍ ആയതിനാല്‍ ഞങ്ങള്‍ അവര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നുവെന്ന് തോന്നുന്നു. യാത്രകള്‍ കഴിഞ്ഞ് വരുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടു വന്നിരുന്നു.
ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കിട്ടുന്നുണ്ടെന്ന് അവര്‍ ഉറപ്പു വരുത്തുമായിരുന്നു. അതൊക്കെ നല്ല ഓര്‍മ്മകളാണ്. നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ച് ഓര്‍മ്മകളേയുള്ളൂ'' എന്നാണ് ജൂഹി പറഞ്ഞത്.
''കുട്ടിയാണെങ്കിലും, എന്റെ അച്ഛന്‍ ഈ സ്ത്രീയ്‌ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അവരെ തന്റെ ഭാര്യയാക്കാനും അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നോടും സഹോദരനോടും അടുക്കാന്‍ അവരും ശ്രമിച്ചിരുന്നു.
പക്ഷെ ഇതെല്ലാം എന്റെ അമ്മയ്ക്ക് വിഷമമുണ്ടാക്കുന്നുണ്ടായിരുന്നു. സ്മിതാജി വളരെ നല്ലതാണ്. പക്ഷെ വീട്ടിലെത്തുമ്പോള്‍ ഞാന്‍ അതൊന്നും അമ്മയോട് പറഞ്ഞിരുന്നില്ല. ആ തിരിച്ചറിവ് എനിക്കുണ്ടായിരുന്നു'' എന്നും ജൂഹി പറയുന്നുണ്ട്.
1982ല്‍ പുറത്തിറങ്ങിയ ഭീഗി പല്‍ക്കേന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജ് ബബ്ബറും സ്മിത പാട്ടീലും പ്രണയത്തിലാകുന്നത്. തന്റെ ഭാര്യ നാദിറയെ ഉപേക്ഷിച്ചാണ് രാജ് ബബ്ബര്‍ സ്മിതയെ വിവാഹം കഴിക്കുന്നത്. 1986ലാണ് ഇരുവരുടേയും മകന്‍ പ്രതീക് ജനിക്കുന്നത്.
മകന്റെ ജനനത്തിന് പിന്നാലെ, തന്റെ 31-ാം വയസില്‍ സ്മിത പാട്ടീല്‍ മരിച്ചു. രാജ് ബബ്ബറിനെ തകര്‍ത്തു കളഞ്ഞ സംഭവമായിരുന്നു സ്മിതയുടെ മരണം. ഈ സമയത്ത് രാജിന് താങ്ങായത് നാദിറയായിരുന്നു. ഒടുവില്‍ നാദിറയുടെ അരികിലേക്ക് രാജ് ബബ്ബര്‍ മടങ്ങുകയായിരുന്നു.
അച്ഛന്റെ പാതയിലൂടെ ജൂഹിയും സിനിമയിലെത്തിയിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ആപ് ഹമാരെ ഹോത്തെ എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഹിയുടെ എന്‍ട്രി. തുടര്‍ന്ന് സജീവമായി മാറിയെങ്കിലും കരിയറില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ വന്നതോടെ അവര്‍ പിന്മാറുകയായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ല്‍ ജൂഹി അഭിനയത്തിലേക്ക് തിരികെ വന്നു. നടന്‍ അനൂപ് സോണിയാണ് ജൂഹിയുടെ ഭര്‍ത്താവ്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് പ്രതീക് ബബ്ബര്‍ സിനിമയിലെത്തുന്നത്. നായകനായും സഹനടനായുമെല്ലാം പ്രതീക് കയ്യടി നേടിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു പ്രതീകിന്റെ വിവാഹം നടന്നത്. പ്രിയ ബാനര്‍ജിയാണ് പ്രതീകിന്റെ ഭാര്യ. പ്രതീകിന്റേയും പ്രിയയുടേയും വിവാഹത്തിന് പക്ഷെ രാജ് ബബ്ബറിനും കുടുംബത്തിനും ക്ഷണമുണ്ടായിരുന്നില്ല.
വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും പ്രതീകും തങ്ങളും രാജ് ബബ്ബറിന്റെ മക്കള്‍ തന്നെയാണെന്നും പ്രതീകിനോട് സ്‌നേഹം മാത്രമേയുള്ളൂവെന്നുമാണ് ജൂഹി പറഞ്ഞത്.
#juhibabbar #father #rajbabbar #affair #SmitaPatil #hid #everything #mother