കാസർകോട്: [truevisionnews.com] ഡിസംബർ മാസത്തിലെ സാന്ത്വനമേകുന്ന രാത്രിയിൽ, അറബിക്കടലിന്റെ തിരമാലകളോട് ചേർന്ന ബേക്കലിന്റെ പാറക്കെട്ടുകളിൽ വീണ്ടും സിനിമാ ഓർമ്മകൾ ഉണരുന്നു.
മൂന്ന് ദശകങ്ങൾക്ക് മുൻപ് ‘ബോംബെ’ എന്ന ചരിത്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ പ്രണയത്തിന്റെ അടയാളങ്ങൾ പതിപ്പിച്ച മനീഷ കൊയ്‌രാള വീണ്ടും ആ മണ്ണിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
‘ഉയിരേ…’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിൽ ഷൈലാ ബാനുവിന്റെയും ശേഖറിന്റെയും പ്രണയദൃശ്യങ്ങൾ പകർത്തിയ ബേക്കലാണ്, 30 വർഷങ്ങൾക്ക് ശേഷം, മനീഷയുടെ ഓർമകളെ വീണ്ടും ആലിംഗനം ചെയ്യുന്നത്.
‘ബോംബെ’ സിനിമയുടെയും ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (ബിആർഡിസി) 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കുടുംബാംഗങ്ങളോടൊപ്പമാണ് നടി ബേക്കലിലെത്തിയത്.
മലാംകുന്നിലെ താജ് ഗേറ്റ്‌വേ റിസോർട്ടിൽ എത്തിയ മനീഷയെ ബിആർഡിസി ഉദ്യോഗസ്ഥരും ഹോട്ടൽ അധികൃതരും സ്നേഹപൂർവ്വം സ്വീകരിച്ചു. കൈകൂപ്പിയും നിറഞ്ഞ ചിരിയോടെയും അവർ സ്വീകരണം ഏറ്റുവാങ്ങി.
മൂന്നു വശവും വെള്ളം ചുറ്റപ്പെട്ട ഗേറ്റ്‌വേ റിസോർട്ടിന്റെ അപൂർവമായ സൗന്ദര്യവും, കായലും കടലും സംഗമിക്കുന്ന ദൃശ്യവും മനീഷ ആസ്വദിച്ചു. തുടർന്ന് ഗേറ്റ്‌വേയിലെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ വെൽനസ് സെന്ററിൽ ആയുർവേദ ചികിത്സയും സ്വീകരിച്ചു.
ശനിയാഴ്ച നടക്കുന്ന വാർഷികാഘോഷങ്ങളിൽ സംവിധായകൻ മണിരത്നവും ഛായാഗ്രാഹകൻ രാജീവ് മേനോനും മനീഷയോടൊപ്പം പങ്കെടുക്കും. രാവിലെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം ബേക്കൽ കോട്ട സന്ദർശിക്കുന്ന സംഘം, വൈകിട്ട് നാലിന് നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനച്ചടങ്ങിലും സാന്നിധ്യം അറിയിക്കും.
‘ഉയിരേ…’ ഗാനത്തിന്റെ പ്രധാന ദൃശ്യങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ വീണ്ടും സിനിമാപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാക്കുക, സിനി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബിആർഡിസിയും ടൂറിസം വകുപ്പും ചേർന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടുദിവസം കൂടി ബേക്കലിൽ തങ്ങിയ ശേഷമാകും മനീഷ കൊയ്‌രാളയും കുടുംബവും മടങ്ങുക.
Manisha Koirala, Bombay's 30th anniversary celebration


































