വിവാദച്ചുഴിയില്‍ അകപ്പെട്ട് യൂട്യൂബ് ഷോ ആയ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്. പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്‌നയുടെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
സമയ് റെയ്‌നയും ഇന്ത്യാസ് ഗോട്ട് ലേറ്റന്റും മുമ്പും വിവാദത്തില്‍ ചെന്നു പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയൊരു പ്രതിഷേധമുയരുന്നത് ഇതാദ്യമാണ്.
സോഷ്യല്‍ മീഡിയ താരങ്ങളായ രണ്‍വീര്‍ അല്‍ഹബാദിയ, അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി തുടങ്ങിയവരായിരുന്നു പുതിയ എപ്പിസോഡിലെ അതിഥികള്‍. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബിയര്‍ബൈസെപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. താരത്തിന്റെ പോഡ്കാസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ പലപ്പോഴും രണ്‍വീറിന്റെ ചോദ്യങ്ങളും കാഴ്ചപ്പാടുകളും വിമര്‍ശിക്കപ്പെടാറുണ്ട്.
''നിങ്ങളുടെ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ജീവിതകാലം മുഴുവന്‍ നോക്കി നില്‍ക്കുമോ അതോ പോയി എന്നെന്നേക്കുമായി അവസാനിപ്പിക്കുമോ?'' എന്നായിരുന്നു രണ്‍വീറിന്റെ ചോദ്യം.
ഇതിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ രണ്‍വീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഷോയുടെ നടത്തിപ്പിക്കുകാര്‍ക്കും ക്രിയേറ്ററും ജഡ്ജിംഗ് പാനലിലെ അംഗവുമായ സമയ് റെയ്‌നയ്‌ക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്.
സംഭവത്തില്‍ സമയ് റെയ്‌ന, രണ്‍വീര്‍ അല്‍ഹബാദിയ, മറ്റ് പാനലിസ്റ്റുകള്‍, ഷോയുടെ സംഘാടകര്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പരാതി നല്‍കിയിരിക്കുന്നത്. ഷോ നടന്ന മുംബൈയിലെ സ്റ്റുഡിയോയില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചിട്ടുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയ ലോകത്തെ താരമാണ് ബിയര്‍ബൈസെപ്‌സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. ഒരു കോടിയലധികം ഫോളോവേഴ്‌സുണ്ട് താരത്തിന്.
2024 പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ യൂട്യൂബർ കൂടിയാണ് രണ്‍വീര്‍. അതേസമയം സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.
''എന്റെ പരാമര്‍ശം ശരിയായിരുന്നില്ല. അത് തമാശ പോലുമായിരുന്നില്ല. കോമഡി എന്റെ ഏരിയയല്ല. ഞാന്‍ മാപ്പ് പറയാനാണ് വന്നിരിക്കുന്നത്. ഇങ്ങനെയാണോ ഞാന്‍ എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് പലരും ചോദിച്ചു.
ഇങ്ങനെയല്ല ഞാന്‍ അതിനെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ യാതൊരു തരത്തിലുള്ള ന്യായീകരണവും നല്‍കുന്നില്ല. മാപ്പ് പറയാനാണ് വന്നത്. ഞാന്‍ ചെയ്തത് ശരിയായില്ല. ഞാന്‍ തെറ്റായൊരു പ്രതികരണമാണ് നടത്തിയത്.
എല്ലാ പ്രായത്തിലുള്ളവരും പോഡ്കാസ്റ്റ് കാണുന്നതാണ്. ആ ഉത്തരവാദിത്തെ ചെറുതായി കാണുന്നില്ല. കുടുംബങ്ങളോട് അനാദരവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മെച്ചപ്പെട്ട വ്യക്തിയാകുമെന്ന് ഞാന്‍ വാക്ക് തരുന്നു.
വീഡിയോയിലെ മോശം ഭാഗം നീക്കം ചെയ്യാന്‍ ഞാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും മാപ്പ് പറയുന്നു. ഒരു മനുഷ്യനായി കണ്ട് മാപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
അതേസമയം ഇതാദ്യമായിട്ടല്ല സമയ് റെയ്‌നയും ഇന്ത്യാസ് ഗോട്ട് ലേറ്റന്റും വിവാദത്തില്‍ പെടുന്നത്. ഈയ്യടുത്ത് അരുണാചല്‍ പ്രദേശ് സ്വദേശിയായ മത്സരാര്‍ത്ഥിയും സമയ് റെയ്‌നും തമ്മിലുള്ള സംസാരത്തിനിടെ അരുണാചല്‍ പ്രദേശിനെക്കുറിച്ച് നടത്തിയ പ്രശ്‌നങ്ങള്‍ വിവാദമായിരുന്നു.
നേരത്തെ ഒരു മത്സരാര്‍ത്ഥി ദീപിക പദുക്കോണിന്റെ വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞ തമാശയും വിവാദമായി മാറിയിരുന്നു.
#parents #sex #watch #Criticism #BearBiceps #Apologize #YouTuber