(moviemax.in ) സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. തന്റെ വ്‌ളോഗുകളിലൂടെയാണ് ഗ്ലാമി ഗംഗ താരമാകുന്നത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികളേയും കഷ്ടപ്പാടുകളേയും അതിജീവിച്ചാണ് ഗ്ലാമി ഗംഗ എന്ന താരമുണ്ടാകുന്നത്. ഈയ്യടുത്തായിരുന്നു ഗംഗയുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് ഗ്ലാമി ഗംഗ. വീഡിയോയില്‍ ഗംഗയ്‌ക്കൊപ്പം അമ്മയും സഹോദരിയുമുണ്ട്.
ഈ 25-ാം വയസില്‍ കുട്ടിക്കാലത്തെക്കുറിച്ച് എനിക്കുള്ള ഓര്‍മ്മകള്‍ ട്രോമകളാണ്. ആലോചിക്കുമ്പോള്‍ ഉറങ്ങാന്‍ പറ്റാതാകുമെന്നാണ് ഗ്ലാമി ഗംഗ പറയുന്നത്. പഠിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അമ്മയായിരുന്നു പഠിപ്പിച്ചിരുന്നത്. പക്ഷെ അച്ഛന്‍ പഠിക്കാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ഗംഗയുടെ സഹോദരി ഓര്‍ക്കുന്നുണ്ട്. പഠിക്കുമ്പോള്‍ ശല്യം ചെയ്യും. ചീത്ത വിളിക്കും. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോള്‍ പുസ്തകം കത്തിച്ചു കളഞ്ഞുവെന്നും സഹോദരി പറയുന്നു.
നല്ല കുട്ടിക്കാല ഓര്‍മ്മകളൊന്നുമില്ല. ഓരോ ദിവസവും ഉറങ്ങുന്നത് നാളെ ഉറക്കം ഉണരുമ്പോള്‍ എന്റെ അമ്മയോ സഹോദരിയോ ഉണ്ടാകുമോ എന്ന ഭയത്തോടെ. എണീറ്റുടനെ അമ്മ എവിടെയെന്നാണ് നോക്കുക. അമ്മയെ കണ്ടില്ലെങ്കില്‍ പേടിയാണെന്നാണ് ഗംഗ ഓര്‍ക്കുന്നത്.
17-ാം വയസിലാണ് കല്യാണം. മൂന്നിന്റെ അന്ന് മുതല്‍ വെള്ളമടിയും പ്രശ്‌നങ്ങളും തുടങ്ങിയെന്ന് അമ്മ പറയുന്നു. ഡിഗ്രി ഒന്നാം വര്‍ഷത്തിന് ചേര്‍ന്നപ്പോഴായിരുന്നു കല്യാണം. രണ്ട് മാസം പഠിക്കാന്‍ പോയി. പിന്നെ ഗര്‍ഭിണിയായതോടെ നിര്‍ത്തി. പഠിക്കാന്‍ പോകുമ്പോള്‍ രാവിലെ തന്നെ അടി കിട്ടുമായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. എന്നും അടിയും വഴക്കും.
മക്കളുടെ ഫീസ് അടയ്ക്കില്ല. പഠിക്കാന്‍ സമ്മതിക്കില്ല. വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കും. ഭക്ഷണം എടുത്ത് വലിച്ചെറിയും. അടുപ്പത്തു നിന്നും ചോറ് എടുത്തെറിഞ്ഞിട്ടുണ്ട്. എന്നെ രാത്രി അടിച്ച് പുറത്താക്കും. രാവിലെയും അകത്ത് കേറ്റില്ല. ഒന്നും കഴിക്കാതെയാകും മക്കള്‍ സ്‌കൂളില്‍ പോവുകയെന്നും അവര്‍ പറയുന്നു.
പലപ്പോഴും സുഹൃത്തുക്കള്‍ എനിക്കുള്ള ഭക്ഷണം കൂടെ കൊണ്ടു വരുമായിരുന്നുവെന്നാണ് ഗംഗ പറയുന്നത്. സാമ്പത്തികമായും സഹായിച്ചിട്ടുണ്ട് അവര്‍. ഓണത്തിന് ഡ്രസ് എടുക്കുമ്പോള്‍ എനിക്കും എടുത്ത് തരും. എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയാലോ എന്ന് തോന്നുമ്പോള്‍ അവരുടെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. യൂട്യൂബ് തുടങ്ങാനൊക്കെ സഹായിച്ചതും സുഹൃത്തുക്കളാണെന്നാണ് ഗ്ലാമി ഗംഗ പറയുന്നത്.
അടി കൊണ്ട് മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വന്നിട്ടുണ്ട്. പക്ഷെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ആരുമില്ലായിരുന്നു. 18 വര്‍ഷം അയാളുടെ കൂടെ ജീവിച്ചു. പലവട്ടം വീട്ടിലേക്ക് പോയിട്ടുണ്ട്. പക്ഷെ പിന്നേയും വാരിക്കെട്ടി തിരികെ വരുമായിരുന്നുവെന്നും അമ്മ പറയുന്നു.
കല്യാണങ്ങള്‍ക്ക് ഒക്കെ പോകുമ്പോള്‍ കുടിയന്റെ ഭാര്യയും മക്കളും എന്ന രീതിയിലാണ് എല്ലാവരും കണ്ടിരുന്നത്. പക്ഷെ യൂട്യൂബ് തുടങ്ങി, ഒരു നിലയിലെത്തിയതോടെ എല്ലാവരും ബഹുമാനത്തോടെ കാണുന്നു. ഗ്ലാമി ഗംഗ എന്ന ഐഡന്റിറ്റിയില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
വീട്ടില്‍ നിന്നും ഇറങ്ങി വന്ന ശേഷം, ഭര്‍ത്താവില്ലാത്ത അമ്മയ്ക്കും മക്കള്‍ക്കും വാടകയ്ക്ക് തരില്ലായിരുന്നു ആളുകളെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങി വന്ന് വാടക വീട്ടില്‍ താമസിക്കുന്ന സമയത്ത് അമ്മയോട് മോശമായി പെരുമാറിയവരുണ്ട്. എന്റെ ഏറ്റവും റൂഡ് ആയിട്ടുള്ള വേര്‍ഷന്‍ ഞാന്‍ കണ്ടത് അപ്പോഴാണ്. ആ സമയത്താണ് ഞാന്‍ കുറച്ചുകൂടെ ബോള്‍ഡായതെന്നാണ് ഗംഗ പറയുന്നത്.
യൂട്യൂബറാകും മുമ്പ് ട്യൂഷന്‍ എടുക്കുമായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും മേക്കപ്പ് അസിസ്റ്റന്റ് ആയും ജോലി ചെയ്തിട്ടുണ്ടെന്നും ഗംഗ പറയുന്നു. അതേസമയം, അമ്മയാണ് തന്റെ പ്രചോദനം. അമ്മയെ പോലെ ആകണം എന്നല്ല, മറിച്ച് അമ്മയെ പോലെ ആവരുത് എന്നാണ് താന്‍ പഠിച്ചതെന്നാണ് ഗംഗ പറയുന്നത്.
ഏത് സാഹചര്യവും അമ്മ സഹിക്കും. എത്ര അടിയും ഇടിയും കൊണ്ടാലും പിറ്റേന്ന് എഴുന്നേറ്റ് എല്ലാം അതുപോലെ പണിയെടുക്കും. രാത്രി അടി വാങ്ങാന്‍ തയ്യാറെടുക്കും. അമ്മയ്ക്ക് നോ എന്ന് പറയാന്‍ അറിയില്ല. ഇപ്പോഴും വളരെ ബുദ്ധിമുട്ടിയാണ് നോ പറയുന്നത്. അതിനാല്‍ ഞാന്‍ എവിടെ നോ പറയണമോ അവിടെ നോ പറയണമെന്ന് ഞാന്‍ പഠിച്ചുവെന്നും ഗംഗ പറയുന്നു. ഇന്ന് തന്നെ കാണുമ്പോള്‍ ആളുകള്‍ ഗ്ലാമി ഗംഗയുടെ അമ്മയല്ലേ എന്ന് ചോദിക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുമെന്നാണ് അമ്മ പറയുന്നത്. അവള്‍ എന്നെ പൊന്നു പോലെ നോക്കുന്നു. ജീവിതം ഇങ്ങനെയൊക്കെ മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആ അമ്മ പറയുന്നത്.
#socialmedia #star #glamyganga #her #mother #and #sister #recalls #their #life #story