---
title: "ലൊക്കേഷനിലും സിലിണ്ടർ ക്ഷാമം; 19 മലയാള സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിൽ"
english_title: "Cylinder shortage, shooting of 19 Malayalam films in crisis"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347650/cylinder-shortage-shooting-of-19-malayalam-films-in-crisis"
published_at: "2026-03-14T13:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5176b73821_5.jpg"
keywords: []
---

# ലൊക്കേഷനിലും സിലിണ്ടർ ക്ഷാമം; 19 മലയാള സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിൽ

> **Lead Summary:** **[ **വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 19 സിനിമകളെ ഈ സാഹചര്യം നേരിട്ട് ബാധിക്കുമെന്നും, ഗ്യാസ് ലഭ്യത ഇല്ലാതായാൽ ഷൂട്ടിങ് പൂർണ്ണമായും നിർത്തിവെക്കേണ്ടി വരുമെന്നും ഫെഫ്ക വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനു ലാൽ വ്യക്തമാക്കി.

## Article Content

**[ **വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 19 സിനിമകളെ ഈ സാഹചര്യം നേരിട്ട് ബാധിക്കുമെന്നും, ഗ്യാസ് ലഭ്യത ഇല്ലാതായാൽ ഷൂട്ടിങ് പൂർണ്ണമായും നിർത്തിവെക്കേണ്ടി വരുമെന്നും ഫെഫ്ക വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനു ലാൽ വ്യക്തമാക്കി.

ലൊക്കേഷനുകളിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടു തുടങ്ങിയതോടെ, നിർമ്മാതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ ഭക്ഷണ മെനുവിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ബദൽ പാചക മാർഗങ്ങളെക്കുറിച്ചും സംഘടനകൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ ഗ്യാസ് ലഭ്യത പൂർണ്ണമായും നിലയ്ക്കുമെന്നാണ് മെസ്സ് വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ജനവാസ മേഖലകളിലും ടൈൽ ഇട്ട കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന ലൊക്കേഷനുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് സോഹൻ സീനു ലാൽ ചൂണ്ടിക്കാട്ടി.

നൂറ്റമ്പതോളം പേർക്ക് മൂന്ന് നേരവും ഭക്ഷണം നൽകേണ്ടി വരുന്ന ലൊക്കേഷനുകളിൽ 24 മണിക്കൂറും അടുപ്പ് എരിയേണ്ട സാഹചര്യം നിലവിലുണ്ട്. ബദൽ സംവിധാനങ്ങൾ ഒരുക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കുമെന്നതും സിനിമാ മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നു.

ഷൂട്ടിങ് മുടങ്ങിയാൽ നിർമ്മാതാക്കൾക്ക് പ്രതിദിനം കോടികളുടെ നഷ്ടം സംഭവിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ചിത്രീകരണം തടസ്സപ്പെടുന്നത് സിനിമയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.

ഗ്യാസ് ലാഭിക്കുന്നതിനായി നിലവിൽ ചില സെറ്റുകളിൽ ഭക്ഷണ ക്രമീകരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, സിലിണ്ടർ വിതരണം സാധാരണ നിലയിലായില്ലെങ്കിൽ ഈ നീക്കങ്ങളും പരാജയപ്പെടുമെന്ന് ഫെഫ്ക പാചക തൊഴിലാളി യൂണിയൻ സെക്രട്ടറി ജാഫർ കാഞ്ഞിരപ്പള്ളിയും വ്യക്തമാക്കി.

ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സിനിമാ പ്രവർത്തകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/347650/cylinder-shortage-shooting-of-19-malayalam-films-in-crisis)