ഏറെ ആരാധകരുള്ള താരകുടുംബമാണ് ബിന്നി കൃഷ്ണകുമാറിന്റേത്. ബിന്നിയും ഭർത്താവ് കൃഷ്ണകുമാറും മകൾ ശിവാംഗിയുമെല്ലാം സംഗീത രംഗത്ത് ശോഭിച്ച് നിൽക്കുന്ന താരങ്ങളാണ്. ബിന്നിയും കൃഷ്ണകുമാറും വളരെ വർഷങ്ങളായി സംഗീത രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരാധകരുടെ എണ്ണത്തിൽ അച്ഛനേയും അമ്മയേയും വളരെ പിന്നിലാക്കി കഴിഞ്ഞു ശിവാംഗി. ഗായിക എന്നതിലുപരി നല്ലൊരു അഭിനേത്രി കൂടിയാണ് ശിവാംഗി. കേരളത്തിൽ ഉള്ളതിനേക്കാൾ ആരാധകർ ശിവാംഗിക്ക് തമിഴ്നാട്ടിലാണുള്ളത്.
കുക്ക് വിത്ത് കോമാളിയുടെ ഭാഗമായശേഷമാണ് ശിവാംഗിയുടെ ജനപ്രീതി പതിന്മടങ്ങായത്. മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ചില സംഗീത റിയാലിറ്റി ഷോകളിൽ മെന്ററായും ബിന്നി സജീവമാണ്. പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ ബിന്നി തൊടുപുഴ സ്വദേശിയാണ്. റിമി ടോമി, ശ്വേത മോഹൻ എല്ലാം ബിന്നിയുടെ ശിഷ്യരാണ്.
ചന്ദ്രമുഖി സിനിമയിൽ വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ ബിന്നി പാടിയ 'രാ രാ, സരസുക്കു രാ രാ...' എന്ന ഗാനം ഹിറ്റായതോടെ തുടർന്ന് നിരവധി ചലച്ചിത്രങ്ങൾക്കായി പാടാൻ ബിന്നിക്ക് അവസരം ലഭിക്കുകയായിരുന്നു. 2013ൽ കർണാടക സംഗീതത്തിന് നൽകുന്ന കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും ബിന്നിക്ക് ലഭിച്ചിരുന്നു. പലർക്കും ബിന്നിയാണ് ചന്ദ്രമുഖിയിലെ ഹിറ്റ് ഗാനം പാടിയതെന്ന് അറിയില്ല.
ചെറുപ്പം മുതൽ തന്നെ സംഗീതത്തെ ഉപാസിക്കുന്ന ബിന്നി നൃത്തത്തിലും അഭിരുചിയുള്ളയാളാണ്. ഒരുങ്ങി നടക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ബിന്നി അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താൻ ഒരുപാട് മേക്കപ്പാണെന്ന രീതിയിൽ ആളുകൾ സംസാരിക്കാറുണ്ടെന്നും എന്നാൽ ഫൗണ്ടേഷൻ പോലും ഉപയോഗിക്കാത്തയാളാണ് താനെന്നും ബിന്നി പറയുന്നു.
എല്ലാവരും ഞാൻ പുട്ടിയാണെന്ന തരത്തിൽ പറയാറുണ്ട്. പുട്ടി ഇട്ടിരിക്കുന്നു എന്നൊക്കെ കേൾക്കാറുണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ഒരു സൺ ക്രീം മാത്രമെ മുഖത്ത് തേച്ചിട്ടുള്ളു. പക്ഷെ എന്നെ എല്ലാവരും ഞാൻ ഓവറായി മേക്കപ്പിടുന്ന കിഴവി എന്ന രീതിയിലാണ് സംസാരിക്കാറ്. കളിയാക്കാറ്. കണ്ണ് എഴുതി ലിപ്സ്റ്റിക്ക് ഇടും. ഇത് മാത്രമാണ് എന്റെ മേക്കപ്പ്. പൊട്ടും തൊടാറുണ്ട്. പൊട്ട് തൊട്ട് കണ്ണെഴുതി ലിപ്സ്റ്റിക്ക് ഇടും. അല്ലാതെ മറ്റൊന്നും മുഖത്ത് ഇടാറില്ല.
ഫൗണ്ടേഷൻ പോലുള്ളവ ഉപയോഗിക്കാറുമില്ല. കവിളിന്റെ മേക്കപ്പിന് എനിക്ക് രണ്ട് സെക്കന്റ് മതി. കണ്ണെഴുതുന്നതും ലിപ്സ്റ്റിക്കും കണ്ടാകും ഞാൻ ഭയങ്കര മേക്കപ്പാണെന്ന് ആളുകൾക്ക് തോന്നുന്നത് എന്നാണ് ബിന്നി പറഞ്ഞത്. ഒരുങ്ങി നടക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ബിന്നിയുടെ പാട്ടിനുള്ള അത്രത്തോളം ആരാധകർ ഗായികയുടെ സാരിക്കും ആഭരണങ്ങൾക്കുമുണ്ട്.
സ്വന്തം യുട്യൂബ് ചാനലിലൂടെ തന്റെ ജ്വല്ലറി കലക്ഷൻ ആരാധകർക്കായി ബിന്നി പങ്കുവെച്ചിരുന്നു. ഹെവി ചെയിൻ, ജിമിക്കി കമ്മൽ, വലിയ പൊട്ടുകൾ എന്നിവയോടാണ് ബിന്നിക്ക് ഏറെയും പ്രിയം. ഫുൾടൈം സംഗീതമാണ് ബിന്നിയുടെ പ്രൊഫഷണൽ ജീവിതം. അതിനിടയിൽ ബിന്നി ഏറ്റവും ഇഷ്‌ടപ്പെടുന്ന ഹോബി ഏതെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം വരും.
തമാശ... തമാശകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു ഗായിക ഉണ്ടാവില്ല. അതുപോലെ തന്നെയാണ് മകൾ ശിവാംഗിയും. തമാശകളും ചിരിയും കുസൃതിയും തന്നെയാണ് ശിവാംഗിയേയും പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. ബിന്നിയും ശിവാംഗിയും ഒരുമിച്ചുള്ള അഭിമുഖങ്ങൾക്കും ആരാധകർ ഏറെയാണ്.
#singer #binnikrishnakumar #responds #negative #comments #she #receives #over #makeup