സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. പോഡ് മീറ്റ്സ് വേൾഡ് എന്ന പോഡ്കാസ്റ്റ് ഷോയിലൂടെയാണ് രോഗബാധയേക്കുറിച്ച് നാൽപത്തിമൂന്നുകാരിയായ ഡാനിയേൽ പങ്കുവെച്ചത്.
DCIS(ductal carcinoma in situ) എന്ന സ്തനാർബുദത്തിന്റെ തുടക്കമാണ് തനിക്ക് സ്ഥിരീകരിച്ചതെന്ന് ഡാനിയേൽ പറഞ്ഞു. എന്നാൽ വളരെ നേരത്തേ കണ്ടെത്തിയത് ചികിത്സയ്ക്ക് ഗുണംചെയ്തുവെന്നും നടി പറഞ്ഞു.
നിലവിൽ സർജറിക്കുശേഷമുള്ള ചികിത്സയിലേക്ക് കടക്കുകയാണ് ഡാനിയേൽ. നേരത്തേ കണ്ടെത്തിയതിനേക്കുറിച്ചും ഡാനിയേൽ പറയുന്നുണ്ട്. എല്ലാവർഷവും നടത്തുന്ന മാമോഗ്രാമിനു ശേഷം ഡോക്ടറെ കാണാറുണ്ട്.
അത്തരത്തിൽ പോയപ്പോഴാണ് രോഗത്തിന്റെ തുടക്കമാണെന്ന് വ്യക്തമായത്. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണമെന്നും ഇടയ്ക്കിടെയുള്ള ചെക്കപ്പുകൾ ഒഴിവാക്കരുതെന്നും താരം പറയുന്നുണ്ട്. എത്ര തിരക്കാണെങ്കിലും ഡോക്ടറെ കാണുന്നതിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ല.
എനിക്ക് ഡോക്ടറെ കാണാൻ സമയമില്ല എന്നു പറയുന്നത് എളുപ്പമാണ്. എന്നാൽ ടെസ്റ്റുകൾ കൃത്യസമയത്ത് ചെയ്ത് ഡോക്ടറെ കാണിക്കാൻ വൈകിക്കാതിരുന്നതാണ് തന്റെ ചികിത്സ എളുപ്പമാക്കിയതെന്നും ഡാനിയേൽ പറഞ്ഞു.
രോഗബാധയേക്കുറിച്ച് തുറന്നുപറയുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നും ഡാനിയേൽ പറയുന്നു. നമുക്ക് ഏറെ അടുപ്പമുള്ളവർക്ക് അർബുദം സ്ഥിരീകരിക്കുമ്പോൾ ഈ സ്ഥാനത്ത് നാമായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നൊക്കെ ചിന്തിക്കും.
തുടക്കത്തിൽ ആരോടും ഇതേക്കുറിച്ച് പറയണ്ട, ഏറ്റവും അടുത്ത കൂട്ടത്തോട് മാത്രം പങ്കുവെക്കാമാമെന്നാണ് കരുതിയതെന്നും പോകെപ്പോകെ തുറന്നുപറയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡാനിയേൽ പറഞ്ഞു.
രോഗസ്ഥിരീകരണത്തേക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത് ഭർത്താവ് ജെൻസൺ കാർപിനോടാണെന്നും നടി പറഞ്ഞു. ഇതേക്കുറിച്ച് പറയുന്നവരെല്ലാം അവരുടെ സ്വന്തം കാൻസർ അനുഭവങ്ങളോ, കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും അനുഭവങ്ങളേക്കുറിച്ചോ ഒക്കെ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ആളുകളോട് എത്രയധികം ഇതേക്കുറിച്ച് പറയാൻ തയ്യാറാവുന്നോ അത്രത്തോളം അനുഭവങ്ങളും ലഭിക്കുമെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.
#danielle #fishel #announces #breast #cancer #diagnosis