കൊച്ചി: (moviemax.in)മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സമിതി ഫിലിം ചേംബറിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറിയും സാബു ചെറിയാൻ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ചേംബര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ നിര്‍മാതാവ് സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നൽകിയത്. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നുവെന്നാണ് സജി നന്ത്യാട്ട് നേരത്തെ പ്രതികരിച്ചിരുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സജിയുടെ അംഗത്വം തന്നെ ചേംബര്‍ എക്സിക്യൂട്ടീവ് റദ്ദാക്കുകയായിരുന്നുവെന്നാണ് ചേംബര്‍ നേതൃത്വത്തിന്‍റെ വിശദീകരണം. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബര്‍ വിശദീകരിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവുവെന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍, മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു.
Film Chamber elections Sandra Thomas loses Mummy Century elected as General Secretary