---
title: " #AjuVarghese  |   നിവിൻ കാരണമാണ് ആ അവസരം ലഭിച്ചത്; ഇനിയും തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്: അജു വർ​ഗീസ്  "
english_title: "#opportunity #because #Nivin #Tamil #film #Aju #Varghese"
publisher: "moviemax.in"
canonical_url: "https://moviemax.in/news/218285/opportunity-because-nivin-tamil-film-aju-varghese"
published_at: "2024-07-08T13:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b9adaef754_aju.jpg"
keywords: []
---

#  #AjuVarghese  |   നിവിൻ കാരണമാണ് ആ അവസരം ലഭിച്ചത്; ഇനിയും തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്: അജു വർ​ഗീസ്  

> **Lead Summary:** **2**010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബിലൂടെ സുപരിചിതനായ താരമാണ് അജു വർ​ഗീസ്. സുഹൃത്തായ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ഹാസ്യ കഥാപാത്രങ്ങൾ അജുവിന് ലഭിച്ചു.

## Article Content

**2**010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബിലൂടെ സുപരിചിതനായ താരമാണ് അജു വർ​ഗീസ്. സുഹൃത്തായ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ഹാസ്യ കഥാപാത്രങ്ങൾ അജുവിന് ലഭിച്ചു.

തട്ടത്തിൻ മറയത്ത് , കിളി പോയി, സക്കറിയായുടെ ​ഗർഭിണികൾ, പുണ്യാളാൻ അ​ഗർബത്തീസ് തുടങ്ങി ഒരുപാട് സിനിമകൾ തുടരെ തുടരെ വന്നു. ഇപ്പോൾ പ്രഭുദേവക്കൊപ്പം തമിഴിലേക്കും ചുവടുറപ്പിക്കാൻ തുടങ്ങുകയാണ് അജു വർ​ഗീസ്.

> അജു വർ​ഗീസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം സത്യത്തിൽ റാം സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "ചിത്രത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. നിവിൻ അഭിനയിച്ച ഏഴ് മലൈ ഏഴ് കടൽ എന്ന ചിത്രത്തിനു ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

> മിർച്ചി ശിവയും ​ഗ്രേസ് ആൻ്റണിയുമൊക്കെയുള്ള ചിത്രമാണിത്. ഈ ചിത്രത്തിലേക്ക് നിവിനാണ് എന്നെ അദ്ദേഹത്തിന് കണക്ട് ചെയ്ത് കൊടുത്തത്. ഇതിലൊരു ചെറിയ വേഷമാണ്. പക്ഷേ വളരെ മനോഹരമായ കഥാപാത്രമാണ്. അദ്ദേഹം സിനിമകളുടെ സ്വഭാവങ്ങളെല്ലാം ഈ ചിത്രത്തിനുമുണ്ട്."

> അജു വർ​ഗീസ് പറഞ്ഞു. "ഇനിയും തമിഴ് ചിത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഇതിനു മുന്നേ അങ്ങനെ തോന്നിട്ടില്ല. പക്ഷേ പോസ്റ്റ് കോവിഡിനു ശേഷം സിനിമക്ക് ഭാഷ ഒരു പ്രശ്നമല്ലെന്ന് ഞാനും മനസിലാക്കി. അങ്ങനെ മറ്റു ഭാഷകളിലെ സിനിമകൾ ചെയ്യാനും ഒരു താത്പര്യം വന്നു.

> ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റാം സർ തന്നെ പുറത്ത് വിടാതിരിക്കുന്നതാണ്. രണ്ടാമത്തെ തമിഴ് ചിത്രമാണ് മൂൺ വാക്ക്." അജു വർ​ഗീസ് കൂട്ടിച്ചേർത്തു. നീണ്ട 25 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമാണ് മൂൺ വാക്ക്.

പേര് പോലെ തന്നെ ചിത്രം ഒരു ഡാൻസ് മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ആയിരിക്കും. നവാ​ഗതനായ മനോജ് എൻ. എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അജു വർ​ഗിസിനൊപ്പം അർജുൻ അശോകനും മലയാളത്തിൽ നിന്നുണ്ട്. 14 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് അജു വർ​ഗീസ് തമിഴിൽ അരങ്ങേറുന്നത്.

പ്രഭുദേവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിൽ അജു വർ​ഗീസിന്റെ പേരും കാണാം. തീർച്ചയായും നല്ലൊരു വേഷം പ്രഭുദേവക്കൊപ്പം പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിലൂടെ ഒരു മുഴു നീള വേഷം ചെയ്തിട്ടുണ്ട്. അതും വളരെ സീരിയസ് കഥാപാത്രത്തിലൂടെയാണ് അജു ആ സീരീസിൽ അഭിനയിച്ചത്.

അത്തരത്തിലുള്ള വേഷങ്ങൾ സിനിമയിലൂടെ താരത്തിന് ലഭിച്ചിട്ടില്ല. ഒരു പക്ഷേ നായക പരിവേഷം ലഭിക്കാതിരുന്നത് കൊണ്ടാവാം അത്തരത്തിലുള്ള വേഷങ്ങളിലൂടെ താരത്തെ കാണാതെ പോയത്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ​ഗ​ഗനചാരി എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്.

വലിയ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്. പരിമിതമായ താരങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അജു വർ​ഗീസ് ഉണ്ട. ഒപ്പം അനാർക്കലി മരിക്കാർ, ​ഗോ​ഗുൽ സുരേഷ് എന്നിവരും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/218285/opportunity-because-nivin-tamil-film-aju-varghese)