logo

മലയാള സിനിമ ഇനി ഒ.ടി.ടി ആണോ?

Published at Sep 10, 2021 01:37 PM മലയാള സിനിമ ഇനി ഒ.ടി.ടി ആണോ?

തീയ്യറ്ററുകളില്‍ ആവേശവും,ചിരിയും,ബഹളവും ഒക്കെയായി മതിമറന്ന് സിനിമ കാണെണ്ടടത്ത് മൊബൈല്‍ -ഫോണിലെ ചെറിയ സ്‌ക്രീനില്‍ ഒതുങ്ങുകയാണ്.കൊവിഡ് മഹാമാരി കാലത്ത് മലയാള സിനിമ അതിവേഗം വീടിനകത്തേക്ക് ചുരുങ്ങുകയാണ്. തീയറ്ററുകളിലെ ആളും ആരവവും വലിയ സ്‌ക്രീനും ഇല്ലെങ്കിലും ജനങ്ങള്‍ സുരക്ഷിതരായി സിനിമ ആസ്വദിക്കുന്നു. ഓവര്‍ ദ ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകളാണ് ഈ മാറ്റത്തിന്റെ നെടുന്തൂണ്‍. മലയാള സിനിമയുടെ വിപണിയുടെ അതിര് ലോകത്തോളം വലുതാക്കാനും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചു.


സ്റ്റാര്‍ ഇന്ത്യ കമ്പനി 2015ല്‍ ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയതോടെയാണ് ഇന്ത്യയില്‍ ഒ.ടി.ടി വസന്തം ആരംഭിക്കുന്നത്. ആഗോള കമ്പനിയായ നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈം പോലുള്ള ഒ.ടി.ടികളും പിന്നാലെ എത്തി. സ്വാഭാവികമായും മലയാള സിനിമകളും ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഇത് മലയാള സിനിമയെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്താന്‍ സഹായിച്ചു. ആര്‍കെ ഡ്രീംവെസ്റ്റ് സംവിധാനം ചെയ്ത 'ഫോര്‍ത്ത് റിവറാണ്' ഒ.ടി.ടിയില്‍ ഡയറക്ട് റിലീസ് ചെയ്ത ആദ്യ മലയാളം സിനിമ. പിന്നീട് നരണിപ്പുഴ ഷാനവാസിന്റെ 'സൂഫിയും സുജാതയും' ഡയറക്ടായി റിലീസ് ചെയ്തു.

കൊവിഡ് കാലത്ത് തീയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണവും കൂടി വന്നു. 2020ല്‍ 46 മലയാള സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിച്ചത്. 2021 ജൂണ്‍ വരെ 41 ചിത്രങ്ങളും റിലീസ് ചെയ്തു. ഒ.ടി.ടിയുടെ സാധ്യത മനസിലായതോടെ പ്രാദേശിക ഭാഷാ സിനിമകള്‍ക്കായും ഒ.ടി.ടികളുണ്ടായി. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 15 പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുണ്ടായി. നീ സ്ട്രീം, പ്രൈം റീല്‍സ്, കൂടെ, കേവ് ഇന്ത്യ, റൂട്‌സ്, ഫിലിമി, സൈന പ്ലേ, സി ഹോം സിനിമ, ഹൈ ഹോപ്പ്, മാറ്റിനി, ഫസ്റ്റ് ഷോ, സീ കേരള, യുഎഫ്ഒ ലൈംലൈറ്റ് തുടങ്ങി നിരവധി മലയാള പ്ലാറ്റ്‌ഫോമുകളാണ് മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മല്‍സരിക്കുന്നത്.


മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്‌സ്' ലോകമെമ്പാടും എത്തിപ്പെടാന്‍ സഹായിച്ചത് ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ്. ആമസോണ്‍ പ്രൈമില്‍ വന്ന മോഹന്‍ലാല്‍ നായകനായ 'ദൃശ്യം' 2 സമീപകാലത്തെ ഏറ്റവും വലിയ ഒ.ടി.ടി ഹിറ്റായിരുന്നു. ജിയോ ബേബിയുടെ 'ദ ഗ്രെയിറ്റ് ഇന്ത്യന്‍ കിച്ചൺ' ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഒ.ടി.ടി കാരണമായി. മഹേഷ് നാരായണന്റെ 'സീ യൂ സൂണ്‍', മുഹമ്മദ് മുസ്തഫയുടെ കപ്പേള, ദിലീഷ് പോത്തന്റെ ജോജി, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, മഹേഷ് നാരായണന്റെ മാലിക്ക്, മനു വാര്യരുടെ കുരുതി, സനു ജോണ്‍ വര്‍ഗീസിന്റെ ആര്‍ക്കറിയാം, ഷാജി അസീസിന്റെ വൂള്‍ഫ്, വി.എസ് രോഹിത്തിന്റെ കള, തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളും ഏറെ ശ്രദ്ധപിടിച്ചുപറ്റി. മലയാളി സിനിമാതാരങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ടാവാനും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സഹായിച്ചു.


ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഒ.ടി.ടിക്കു വേണ്ടി സിനിമ നിര്‍മിക്കുന്നതും സ്വാഭാവികമായും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഒ.ടി.ടി കാലം സിനിമയുടെ ദൃശ്യ സൗന്ദര്യവും കലാമൂല്യവും കുറക്കുമെന്നും ജനങ്ങളുടെ ആസ്വാദനശീലത്തെ മാറ്റിമറിക്കുമെന്നും ആരോപിക്കപ്പെടുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുമ്പേ നിലവിലുണ്ടെങ്കിലും കൊവിഡിന്റെ കാലത്ത് അതൊരു സാധ്യതയായി വളര്‍ന്നുവെന്നാണ് എനിക്ക് തോന്നുന്നത്. തീയറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ ഉണ്ടാവുന്ന അനുഭവമായിരിക്കില്ല ഒ.ടി.ടി നല്‍കുക. തീയറ്ററില്‍ ഒരു ആള്‍ക്കൂട്ടത്തോടൊപ്പമാണ് നാം സിനിമ കാണുക. പക്ഷേ, ലൈറ്റ് അണക്കുമ്പോള്‍ നാം ഒറ്റയ്ക്കാവുന്നു. പിന്നീട് സ്വന്തം ലോകത്തിരുന്നാണ് നാം സിനിമ കാണുക. വീട്ടിലിരുന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുന്നത് വ്യത്യസ്തമായ അനുഭവമാണ്.

വീട്ടില്‍ പല കാരണങ്ങളാല്‍ സിനിമയില്‍ നിന്നുള്ള ശ്രദ്ധതിരിയാം. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിര്‍ത്താം, ഫോര്‍വേഡ് ചെയ്യാം. അങ്ങനെ സിനിമ കാണാനും നാം പഠിച്ചു കഴിഞ്ഞു. കുടുംബത്തില്‍ കുടുംബത്തോടെയിരുന്നു കാണാന്‍ കഴിയുന്ന സിനിമകളായിരിക്കും ഒ.ടി.ടികളില്‍ വരുന്നത്. ഹോം എന്ന സിനിമ പ്രായ വ്യത്യാസമില്ലാതെ എല്ലാവരുമായി സംവദിക്കുന്നു. കൊവിഡ് കാലത്ത് ഒ.ടി.ടിയെ പരമാവധി ഉപയോഗിക്കണമെന്ന അഭിപ്രായമാണ് എനിക്കുളളത്. ദൃശ്യപരമായും സാങ്കേതികപരമായും ഉയര്‍ന്ന നിലവാരമുള്ള മാസ് അപ്പീലിങ് ഉള്ള സിനിമകള്‍ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രായോഗികമായിരിക്കില്ല. അത് സിനിമയുടെ അനുഭവത്തെ ചുരുക്കാന്‍ കാരണമാവും. മാലിക് എന്ന സിനിമ തീയറ്റര്‍ റിലീസിനായാണ് വെച്ചിരുന്നത്. പലവിധ കാരണങ്ങളാല്‍ അതിനെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടി വന്നു. തീയറ്ററിലായിരുന്നുവെങ്കില്‍ ആ സിനിമ മറ്റൊരു അനുഭവമായേനെ.


മരക്കാര്‍ എന്ന വന്‍ ബജറ്റ് സിനിമ തീയ്യറ്ററുകള്‍ തുറക്കുന്നത് കാത്തിരിക്കുകയാണ്. എന്റെയൊരു സിനിമ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ശേഷം പൂര്‍ത്തീകരിക്കാനിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടിയും ഒരു സിനിമ ചെയ്യാനുണ്ട്. പുതിയ കാലത്തിനൊപ്പം സിനിമാ ഇന്‍ഡസ്ട്രി മുന്നോട്ടുപോവണമെന്നാണ് എന്റെ അഭിപ്രായം. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സിനിമാപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാല്‍ ടെക്‌നീഷ്യന്‍മാര്‍ അടക്കമുള്ള നിരവധി പേരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അതിനാല്‍, സിനിമാ ഇന്‍ഡസ്ട്രി സജീവമായിരിക്കല്‍ അതീവ പ്രാധാന്യമുള്ള കാര്യമാണ്. ഏതു പ്ലാറ്റ്‌ഫോമുകള്‍ക്കായാലും പ്രൊജക്ടുകള്‍ ഉണ്ടാവണം. സിനിമ സജീവമാവലാണ് പ്രധാനം. കൊവിഡ് കാലത്ത് തീയറ്ററുകള്‍ പൂട്ടിയപ്പോഴും ആളുകള്‍ സിനിമ കാണുന്നത് തുടരാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സഹായിച്ചു. സിനിമ കാണല്‍ എന്ന ശീലം നഷ്ടപ്പെടാത്തതിനാല്‍ ഇനി സിനിമ തീയറ്ററുകളില്‍ എത്തുമ്പോഴും കാണാന്‍ ആളുകളുണ്ടാവും.

Is Malayalam cinema OTT now?

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories