---
title: "#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു "
english_title: "#Who #out #top? #ranking #task #started #BiggBoss"
publisher: "moviemax.in"
canonical_url: "https://moviemax.in/news/206332/who-out-top-ranking-task-started-biggboss"
published_at: "2024-05-20T09:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ac990cb50a_frr.jpg"
keywords: []
---

# #BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു 

> **Lead Summary:** **ബി**​ഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ 11-ാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

## Article Content

**ബി**​ഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ 11-ാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

അവതാരകനായ മോഹന്‍ലാല്‍ എത്താത്ത ശനി, ഞായര്‍ ദിവസങ്ങളാണ് കടന്നുപോയത്. അതിനാല്‍ത്തന്നെ ഈ വാരാന്ത്യത്തില്‍ എവിക്ഷനും ഉണ്ടായിരുന്നില്ല.

ഫാമിലി വീക്കിന്‍റെ ഊഷ്മളതയിലൂടെയാണ് ബി​ഗ് ബോസ് ഹൗസ് കഴിഞ്ഞൊരു വാരം കടന്നുപോയത്. എഴുപത് ദിവസത്തോളം കുടുംബാം​ഗങ്ങളെ കാണാതിരുന്ന മത്സരാര്‍ഥികള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്ന ഒന്നായിരുന്നു ഫാമിലി വീക്ക്.

മത്സരാര്‍ഥികള്‍ക്കിടയില്‍ സൗഹൃദഭാവം വളര്‍ത്തിയ ഒന്നുകൂടി ആയിരുന്നു ഫാമിലി വീക്ക്. എന്നാല്‍ അന്തിമ വാരങ്ങളിലേക്ക് കടക്കുകയായതിനാല്‍ കടുത്ത മത്സരങ്ങള്‍ ബി​ഗ് ബോസ് വീണ്ടും ആരംഭിക്കുകയാണ്.

അതിന്‍റെ തുടക്കം ഇന്നുതന്നെ ഉണ്ടാവും. ബി​ഗ് ബോസിലെ രസകരവും ആവേശകരവുമായ ടാസ്കുകളിലൊന്നായ റാങ്കിം​ഗ് ടാസ്കിന് ഇന്ന് തുടക്കമാവുകയാണ്. സ്വന്തം സ്ഥാനം എത്രയെന്ന് സ്വയം നിര്‍ണ്ണയിക്കുന്ന ടാസ്ക് ആണിത്.

ഓരോ സംഖ്യ രേഖപ്പെടുത്തിയ പോഡിയങ്ങള്‍ക്ക് പിന്നില്‍ വന്നുനിന്ന് എന്തുകൊണ്ട് ആ സ്ഥാനത്തേക്ക് താന്‍ സ്വയം നോമിനേറ്റ് ചെയ്യുന്നുവെന്ന് വിശദീകരിക്കുകയാണ് ഇതില്‍ വേണ്ടത്.

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍ വലിയ വാക്പോരാണ് ഈ ടാസ്കില്‍ നടക്കാറ്.

ഇന്നത്തെ എപ്പിസോഡില്‍ വരുന്ന റാങ്കിം​ഗ് ടാസ്കിന്‍റെ പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്തിനായി വാദം ഉന്നയിക്കുന്നതായി പ്രൊമോയില്‍ രണ്ട് പേരെയാണ് കാണിക്കുന്നത്.

നന്ദനയും ജിന്‍റോയുമാണ് അത്. ജിന്‍റോയുടെ ഒന്നാം സ്ഥാന വാദത്തെ പൊളിക്കാന്‍ ശ്രമിക്കുന്ന സിജോയെയും വീഡിയോയില്‍ കാണാം. നന്ദനയ്ക്കെതിരായ പോയിന്‍റുകള്‍ അവതരിപ്പിക്കുന്നത് പ്രധാനമായും ജാസ്മിനും അപ്സരയുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/206332/who-out-top-ranking-task-started-biggboss)