---
title: "'കെഡി ദ ഡെവിൾ' ഗാനത്തിന് കേന്ദ്ര നിരോധനം; അശ്ലീല വരികൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ"
english_title: "Central government bans 'KD The Devil' song; takes action against obscene lyrics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348571/central-government-bans-kd-the-devil-song-takes-action-against-obscene-lyrics"
published_at: "2026-03-19T12:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb9da27811d_takes_action_against_obscene_lyrics.jpg"
keywords: []
---

# 'കെഡി ദ ഡെവിൾ' ഗാനത്തിന് കേന്ദ്ര നിരോധനം; അശ്ലീല വരികൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ

> **Lead Summary:** ധ്രുവ് സർജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കെഡി ദ ഡെവിൾ' വിവാദത്തിൽ. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വരികളെ ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നോറ ഫത്തേഹി നൃത്തം ചെയ്യുന്ന ഗാനരംഗത്തിലെ വരികൾ അശ്ലീലം നിറഞ്ഞതാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നുമാണ് പ്രധാന ആക്ഷേപം.

## Article Content

ധ്രുവ് സർജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കെഡി ദ ഡെവിൾ' വിവാദത്തിൽ. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വരികളെ ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നോറ ഫത്തേഹി നൃത്തം ചെയ്യുന്ന ഗാനരംഗത്തിലെ വരികൾ അശ്ലീലം നിറഞ്ഞതാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നുമാണ് പ്രധാന ആക്ഷേപം.

അർജുൻ ജന്യ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് റക്വീബ് ആലമാണ്. നോറ ഫത്തേഹിക്കൊപ്പം സഞ്ജയ് ദത്തും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശില്പ ഷെട്ടി ഉൾപ്പെടെയുള്ള വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയായിരുന്നു ആരാധകർ നൽകിയിരുന്നത്. എന്നാൽ വരികളിലെ അശ്ലീലത ചൂണ്ടിക്കാട്ടി നിരവധി പേരാണ് അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ അശ്ലീലച്ചുവ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഗാനം നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ദ്വയാർഥപ്രയോഗങ്ങളുള്ള വരികൾക്കെതിരേ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയർന്നതോടെയാണ് നടപടി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തെയും സംസ്‌കാരത്തെയും ബാധിക്കുന്ന നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നും അതിനാലാണ് നിരോധനമെന്നും കേന്ദ്ര വാർത്താവിനിമയമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

സിനിമയും സമൂഹവും ഇത്രയും മുന്നോട്ട് പോയ സാഹചര്യത്തിലും ഇത്തരത്തിലും വരികളുള്ള ഗാനം പുറത്തുവരുന്നത് ലജ്ജയുണർത്തുന്നു എന്നാണ് ചിലർ എക്സിലൂടെ കുറിക്കുന്നത്. പാട്ടിനെതിരേ ഗായകൻ അർമാൻ മാലിക് രംഗത്തെത്തി. 'ഇങ്ങനെയൊരു പാട്ട് എന്റെ ടൈംലൈനിൽ വന്നു. ശരിയാണെന്ന് ഉറപ്പുവരുത്താൻ രണ്ടുതവണ കേട്ടു. വാണിജ്യചിത്രങ്ങളിലെ പാട്ടുകളുടെ അധഃപതനത്തിൽ ശരിക്കും ഖേദമുണ്ട്', എന്ന് അർമാൻ മാലിക് എക്‌സിൽ കുറിച്ചു.

പറയാൻ വാക്കുകളില്ല. ഇത് കേൾക്കാതിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോവുന്നു', മറ്റൊരു പോസ്റ്റിൽ അർമാൻ മാലിക് പ്രതികരിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പാട്ടിന്റെ യൂട്യൂബ് കമന്റ് ബോക്‌സ് നിറയെ വരികൾക്കെതിരായ വിമർശനമാണ്. 2026-ലും ഇങ്ങനെയാണോ പാട്ടുകളെന്നാണ് ചോദ്യം. അതേസമയം, 'ധുരന്ധറി'ന് പിന്നാലെ ഇത്തരമൊരു ചിത്രത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നതെന്ന ചോദ്യവും ചില ആരാധകർ ചോദിക്കുന്നുണ്ട്. 'സർകെ ചുനാർ തേരി സർകെ' എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ഏപ്രിൽ 30-ന് ചിത്രം തിയേറ്ററിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/348571/central-government-bans-kd-the-devil-song-takes-action-against-obscene-lyrics)