ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ് കേസിൽ അഞ്ചു പേരെ കൂടി കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്.
ബീഹാറിലെ പ്രതികളുടെ ഗ്രാമത്തിലുളളവരാണ് കസ്റ്റഡിയിലുളളത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ താപി നദിയിൽ നിന്നും പ്രതികളുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിരുന്നു.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പിൽ പഴുതടച്ചുളള അന്വേഷണമാണ് മുംബൈ പോലീസ് നടത്തുന്നത്.
ആക്രമണത്തിൽ പങ്കെടുത്തവരെ മണിക്കൂറുകൾക്കകം പിടികൂടിയ പോലീസ് മുഖ്യ ആസൂത്രകരെ തേടുകയാണ്. വെടിവെയ്പ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന നിഗമനത്തിൽ തുടരുകയാണ് അന്വേഷണ സംഘം.
ഹരിയാനയിലും രാജസ്ഥാനിലും പ്രതികളുമായി ബന്ധമുളളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് പ്രതികളുടെ ബന്ധുക്കളെ അടക്കം ബീഹാറിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
മെയ് 14 നായിരുന്നു സൽമാൻ ഖാന്റെ മുംബൈയിലെ വസതിയ്ക്കു നേരെ പ്രതികൾ നിറയൊഴിച്ചത്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയായിരുന്നു ആക്രമണം എന്ന പ്രതികളുടെ പ്രാഥമിക മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ ഫോണുകൾക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചിൽ തുടരുകയാണ്.
സംഭവം ആസൂത്രണം ചെയ്ത ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെയും സഹോദരൻ അൻമോൾ ബിഷ്ണോയിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
#Firing #SalmanKhan #house; #Five #people #custody; #gun #recovered #Tapi #river