(moviemax.in) അടുത്തകാലത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയായ മലയാളി സെലിബ്രിറ്റിയാണ് മാധവ് സുരേഷ്. സൂപ്പർതാരം സുരേഷ് ഗോപിയുടേയും രാധികയുടേയും ഇളയ മകനായ യുവ നടൻ, തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന്റെ പേരിലും, അഭിമുഖങ്ങളിലെ സംഭാഷണ രീതിയുടെയും, ബാലിശമായ അഭിപ്രായ പ്രകടനങ്ങളുടെയും പേരിലും ഏറെ ട്രോളുകൾ നേരിടുന്നുണ്ട്. ഇപ്പോൾ, എരിതീയിൽ എന്ന പകരുന്നത് പോലെ മാധവ് സുരേഷിന്റെ പുതിയ സെൽഫ് ട്രോൾ വിഡിയോയും ട്രോൾ ചെയ്യപ്പെടുകയാണ്.
തന്റെ ആദ്യ ചിത്രമായ കുമ്മാട്ടിക്കളിയിൽ "നമ്മൾ അനാഥരാണ്... ഗുണ്ടകളല്ല..." എന്ന മാധവിന്റെ ഡയലോഗ് ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. യുവ നടന്റെ അമിതാഭിനയവും, നാടകീയമായ ഡയലോഗ് ഡെലിവറിയും, സിനിമ പ്രേമികൾ ഒരുപാട് വിമർശിക്കുകയും ചെയ്തു. എന്നാൽ, ഈ സോഷ്യൽ മീഡിയ ആക്രമണമൊന്നും തന്നെ ബാധിക്കാറില്ല എന്ന് ഇപ്പോഴും പറഞ്ഞിട്ടുള്ള താര പുത്രൻ, ഈ ഡയലോഗ് ഒരു പാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വിഡിയോയിൽ സുഹൃത്തുക്കളോടൊപ്പം അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ഷാബ് സയ്ദ് എന്ന ഫിലിംമേക്കറുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വയം ട്രോളി വിമർശകർക്ക് ഒരു മറുപടി നൽകാനാണ് മാധവ് സുരേഷ് ശ്രമിച്ചതെങ്കിലും, ആ നീക്കം വിജയിച്ചില്ല എന്ന് വേണം കരുതാൻ. കാരണം, ഈ പുതിയ വീഡിയോയുടെ പേരിൽ പഴയതിലും കൂടുതൽ ട്രോളുകളാണ് ഇപ്പോൾ യുവ നടൻ നേരിട്ട് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ കണ്ട ഭൂരിഭാഗം പ്രേക്ഷകരും, തന്നെ ഒന്നും ബാധിക്കില്ലെന്ന് കാണിക്കാനുള്ള മാധവിന്റെ വിഫല ശ്രമമായിട്ടാണ് അതിനെ കാണുന്നത്. വിമർശനങ്ങളെ താര പുത്രൻ ശരിയായ രീതിയിലല്ല ഉൾക്കൊള്ളുന്നതെന്നും, അനാവശ്യമായി കൂടുതൽ ഇഷ്ടക്കേട് സമ്പാദിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പലരും ചൂണ്ടിക്കാണിച്ചു.
"എന്നെ ട്രോളാൻ ഞാൻ തന്നെ മതി..," എന്ന ക്യാപ്ഷനോട് കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ കമന്റ് ബോക്സിലും, റെഡിറ്റ് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, താര പുത്രന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അനാവശ്യ നീക്കമായി ഈ വീഡിയോയെ കാണുന്നുണ്ട്. തനിക്ക് എതിരായി എത്തുന്ന ട്രോളുകൾ തിരഞ്ഞു പിടിച്ച് അതിന് താഴെ കമന്റ് ചെയ്യുകയും, തനിക്കെതിരെ വരുന്ന കമെന്റുകൾക്ക് മറുപടി നൽകുകയും ചെയ്യുന്ന മാധവിന്റെ രീതി വിചിത്രമാണെന്നും നെറ്റിസൺസ് പറയുന്നു.
"ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ... പ്രതിഷേധ പ്രകടനം സിന്ദാബാദ്," ഒരാൾ വീഡിയോയുടെ കമന്റ് ബോക്സിൽ കുറിച്ചു. 'സുരേഷേട്ടന്റെ ഐകോണിക് സ്റ്റെപ്പ് കടമെടുക്കേണ്ടായിരുന്നു,' വീഡിയോയുടെ ഒരു പ്രത്യേക ഭാഗത്ത് അച്ഛൻ സുരേഷ് ഗോപിയുടെ പ്രശസ്തമായ ഡാൻസ് സ്റ്റെപ്പ് ഇട്ടത് ദഹിക്കാത്ത ഒരു ആരാധകൻ എഴുതി. മാധവിനൊപ്പം അതിശയൻ എന്ന സിനിമയിലൂടെ പ്രശസ്തനായ ദേവ് ദാസിനെ കണ്ടപ്പോഴുള്ള കൗതുകവും ചിലർ രേഖപ്പെടുത്തി.
എന്തായാലും, മാധവ് സുരേഷ് ഒരു നടനെന്ന നിലയിൽ എങ്ങനെയാണെന്ന് ഇനിയും തീരുമാനിക്കാറായില്ല എന്നാണ് യുവ നടന് പിന്തുണയുമായി എത്തിയ സുരേഷ് ഗോപി ആരാധകർ വാദിക്കുന്നത്. ഇത്തരം ബാലിശമായ പ്രവർത്തികൾക്കായി സമയം കളയാതെ നടൻ സ്വയം വിലയിരുത്തണമെന്നും, അഭിനയം മാത്രമല്ല, തന്റെ പൊതു ഇടങ്ങളിലും സോഷ്യൽ മീഡിയയിലും ഉള്ള പെരുമാറ്റം കൂടി മെച്ചപ്പെടുത്തണമെന്നും സോഷ്യൽ മീഡിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു താര പുത്രന് മാത്രം കിട്ടുന്ന പ്രിവിലേജുകൾ കിട്ടിയിട്ടും, സ്വന്തം പെരുമാറ്റം കൊണ്ട് അത് നഷ്ടപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
Madhav's self-troll gets trolled on social media