കഴിഞ്ഞ മാസമാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഗോപികയും ജിപിയും എൻഗേജ്‌മെന്റ് വിശേഷം പങ്കുവെച്ചത്. മുൻപ് ഇത് സംബന്ധിച്ച യാതൊരു സൂചനയും നൽകിയിരുന്നില്ല എന്നത് കൊണ്ട് തന്നെ ഇൻഡസ്ട്രിയിൽ ഉള്ളവർക്കും വലിയ സർപ്രൈസായിരുന്നു ഈ വാർത്ത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ദൈവം ചേർത്തുവെച്ച രണ്ടുപേർ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകരെ സംബന്ധിച്ച് ഏറെപ്രിയപ്പെട്ടവരാണ് ഇരുവരും. സിനിമയിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ഗോപിക, ജനപ്രീയ പരമ്പരയായ സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അവതാരകനായെത്തിയാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പിന്നീട് മലയാളത്തിലും തെലുങ്കിലുമൊക്കെയായി ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങാനും ജിപിക്ക് സാധിച്ചിരുന്നു.
ആരാധകരെ സംബന്ധിച്ച് മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയിരുന്നു അടുത്തകാലം വരെ ജിപി. എന്നാണ് വിവാഹമെന്ന ചോദ്യം ജിപി കാലങ്ങളായി നേരിടുന്ന ഒന്നായിരുന്നു. നടൻ പ്രണയത്തിലാണോയെന്ന ചർച്ചകളും സജീവമായിരുന്നു. അതിനിടെയാണ് ഗോപികയെ താൻ ജീവിത സഖിയാക്കുന്നു എന്നറിയിച്ച് ജിപി എത്തിയത്. സിനിമാ-സീരിയൽ മേഖലയിൽ നിന്നുള്ള ഒരുപാട് പേർ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. ഇവരുടെ സർപ്രൈസ് പ്രഖ്യാപനത്തിലുള്ള ഞെട്ടലും പലരും പങ്കുവയ്ക്കുകയുണ്ടായി.
ഇപ്പോഴിതാ ഗോപികയുടെയും ജിപിയുടെയും പ്രഖ്യാപനത്തിൽ സർപ്രൈസ്‌ഡ് ആയതിനെ കുറിച്ച് പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ജിപിക്ക് ഒപ്പം ഒരു ഉദ്‌ഘാടന വേദിയിൽ വെച്ച് സംസാരിക്കുകയായിരുന്നു ലക്ഷ്മി. ഇരുവർക്കുമൊപ്പം ഒരു വേദിയിൽ ഒരുമിച്ചുണ്ടായിരുന്നു എന്നിട്ട് പോലും താൻ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. ജിപിയെ അഭിനന്ദിച്ചു കൊണ്ടാണ് ലക്ഷ്മി സംസാരിച്ചു തുടങ്ങിയത്.
'ഇവരുടെ രണ്ടുപേരുടെയും സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞാൻ ഇവരുടെ നടുക്ക് ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ പോലും പറഞ്ഞിട്ടില്ല. ഇതിനിടെ ഇവർ എങ്ങനെ ദൂത് അയച്ചുവെന്ന് എനിക്ക് അറിയില്ല. വാട്സ്ആപ്പിലാകും ദൂത് അയച്ചത്. നടുക്ക് ഇരുന്നിട്ട് പോലും എനിക്കൊരു സംശയവും തോന്നിയില്ല,' ലക്ഷ്മി പറഞ്ഞു. നല്ല നടനാണെട്ടോ നിങ്ങളെന്നും ലക്ഷ്മി ജിപിയോട് പറഞ്ഞു.
അടുത്തിടെ നടൻ ശരത് ദാസും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ഇരുവർക്കുമൊപ്പമുള്ള ഓരോ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ശരത്തിന്റെ പോസ്റ്റ്. "പ്രിയ ജി പി & ഗോപിക. അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോൾ, എനിക്കും അറിയില്ലായിരുന്നു, നിങ്ങൾ രണ്ടുപേരും ഈ 'സന്തോഷരഹസ്യം' ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന്. ഹാപ്പി ഫോര്‍ ബോത്ത് ഓഫ് യൂ" എന്നായിരുന്നു ശരത് കുറിച്ചത്.
അടുത്തിടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇരുവരും ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. കുടുംബ സുഹൃത്തുക്കൾ മുഖേനയാണ് വിവാഹ ആലോചനയിലേക്ക് എത്തിയതെന്നും പിന്നീട് രണ്ടുപേരും കണ്ട് സംസാരിച്ച ശേഷം വിവാഹിതരാകാമെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നുമാണ് ഇരുവരും പറഞ്ഞത്.
#lakshminakshathra #talks #govindpadmasoorya #gopikaanil #engagement