കരിയറിൽ തന്റേതായ പാത സൃഷ്ടിച്ച നടിയാണ് സമാന്ത. സൂപ്പർതാര ചിത്രങ്ങളിലെ ഗ്ലാമർ നായികയിൽ നിന്നും സൂപ്പർതാരമായി സമാന്ത വളർന്നു. തമിഴിലും തെലുങ്കിലും ഇന്ന് ഹിന്ദിയിലും വലിയ സ്വീകാര്യതയുള്ള നടി. ആരോഗ്യ പ്രശ്നങ്ങളാൽ അഭിനയ രംഗത്ത് നിന്നും കുറച്ച് കാലം മാറി നിന്ന സമാന്ത വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. തെന്നിന്ത്യൻ സിനിമകളിൽ സമാന്തയെ ഇന്ന് കാണാറില്ല. സിതാഡെൽ എന്ന ഹിന്ദി വെബ് സീരീസിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
യശോദ, ശാകുന്തളം, ഖുശി എന്നിവയാണ് നടി അവസാനമായി അഭിനയിച്ച തെലുങ്ക് സിനിമകൾ. സമ്മിശ്ര പ്രതികരണമാണ് ഈ സിനിമകൾക്ക് ലഭിച്ചത്. ഈ സിനിമകളേക്കാൾ സമാന്തയെ ആഘോഷിച്ചത് പുഷ്പയിലെ ഡാൻസ് നമ്പറിലൂടെയാണ്. ഊ അണ്ടാവ എന്ന ഗാനവും സമാന്തയുടെ ചുവടുകളും ആരാധകർ ഏറ്റെടുത്തു. ആദ്യമായാണ് സമാന്ത ഒരു ഡാൻസ് നമ്പറിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്.
ഇതേക്കുറിച്ച് സംസാരിക്കുകയാാണ് സമാന്തയിപ്പോൾ. ഡാൻസ് നമ്പർ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിർത്തിരുന്നെന്ന് സമാന്ത പറയുന്നു. ഞാനെടുക്കുന്ന തീരുമാനങ്ങളിൽ ചുറ്റുമുള്ളവരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. ചിലർ അനുകൂലിക്കും. ചിലർ എതിർക്കും. പക്ഷെ പുഷ്പ ഐറ്റം സോങ് വന്നപ്പോൾ അവരെല്ലാവരും ചെയ്യേണ്ടെന്നാണ് പറഞ്ഞത്. ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികൾ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തിട്ടില്ല.
ഫാമിലി മാനിലെ രാജിയെന്ന കഥാപാത്രം സ്വീകരിച്ചപ്പോഴുള്ള ചിന്ത തന്നെയായിരുന്നു അപ്പോഴും. രാജിയെ എനിക്കവതരിപ്പിക്കാൻ പറ്റുമോ എന്ന ടെൻഷനുണ്ടായിരുന്നു. ഷൂട്ടിന് മൂന്ന് ദിവസം മുമ്പ് ആശങ്കപ്പെട്ടു. അത് പോലെ തന്നെയായിരുന്നു ഊ അണ്ടാവയും. ജൂനിയർ ആർട്ടിസ്റ്റുകളായ 500ഓളം പുരുഷൻമാർക്ക് മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു. ആക്ഷൻ പറയുന്നത് വരെ ഞാൻ വിറയ്ക്കുകയായിരുന്നു. ചലഞ്ചിംഗ് ആയ വർക്കുകൾ തനിക്കിഷ്ടമാണെന്നും സമാന്ത വ്യക്തമാക്കി.
ഓ ബേബി, സൂപ്പർ ഡീലക്സ്, ഫാമിലി മാൻ സീസൺ 2 തുടങ്ങിയ പ്രൊജക്ടുകളാണ് സമാന്തയുടെ കരിയറിൽ പുതിയൊരു പാതയുണ്ടാക്കിയത്. അത് വരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ റോളുകളാണ് സമാന്ത ഇവയിൽ ചെയ്തത്. ഫാമിലി മാൻ സീസൺ 2 സമാന്തയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിക്കൊടുത്തു. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ സമാന്ത ഇന്ന് തയ്യാറല്ല. മൂന്ന് മാസം കൂടുമ്പോൾ ഓരോ റിലീസുകൾ ഇന്ന് ലക്ഷ്യം വെക്കുന്നില്ല. രണ്ട് വർഷമായി സിനിമകൾ റിലീസില്ല. അത് തന്നെ ആശങ്കപ്പെടുത്തുന്നില്ല. ഈ സ്വാതന്ത്രമാണ് തന്നെ സംബന്ധിച്ച് ഇന്ന് വിജയമെന്നും സമാന്ത വ്യക്തമാക്കി.
വിവാഹ മോചനത്തിന്റെ സമയത്താണ് സമാന്ത ഊ അണ്ടാവ എന്ന സോങ് ചെയ്യുന്നത്. അഞ്ച് കോടി രൂപയാണ് മിനുട്ടുകൾ മാത്രമുള്ള ഡാൻസ് നമ്പറിന് സമാന്ത വാങ്ങിയതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. അവസാനം പുറത്തിറങ്ങിയ സിനിമകളിലും സീരീസുകളിലുമെല്ലാം സമാന്തയ്ക്ക് പ്രധാന വേഷമായിരുന്നു. വന്ന് പോകുന്ന നായികാ വേഷങ്ങൾ നടി ഇന്ന് ചെയ്യാറേയില്ല. ആക്ഷൻ റോളാണ് സിതാഡെൽ എന്ന സീരീസിൽ സമാന്ത ചെയ്തത്. ബോളിവുഡ് നടൻ വരുൺ ധവനായിരുന്നു നായകൻ
samantharuthprabhu reveals she nervous while doing oo antava song pushpa