( https://moviemax.in/ ) 18 വർഷം മുമ്പ് ജോലി ചെയ്ത ബഹ്‌റൈനിലെ കടയിലെത്തി സർപ്രൈസ് നൽകി നടൻ അസീസ് നെടുമങ്ങാട്. കടയിലെത്തിയതിന്റെ വീഡിയോ അസീസ് തന്നെയാണ് പങ്കുവെച്ചത്. അന്നും അസീസിനൊപ്പം കടയിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന് അസീസിന്റെ വരവ് സർപ്രൈസായി.
'18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ ഞാൻ പോയി. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇപ്പോഴും അവിടെയുണ്ട്. അവനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
മാസ്‌കും കൂളിങ് ഗ്ലാസും തൊപ്പിയും ധരിച്ച് ആളെ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് അസീസ് കടയിലെത്തിയത്. നടനെ മനസിലായ ഉടൻ സുഹൃത്ത് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. പൊട്ടിച്ചിരിച്ച് ഇരുവരും ഗാഢമായി ആലിംഗനംചെയ്തു. നീ എപ്പോഴാണ് എത്തിയതെന്നും മറ്റും ഇതിനിടെ സുഹൃത്ത് ആശ്ചര്യപൂർവ്വം അസീസിനോട് ചോദിക്കുന്നതായി വീഡിയോയിൽ കേൾക്കാം.
മിമിക്രിയിൽ തുടങ്ങി സ്‌റ്റേജ് ഷോകളിലൂടേയും റിയാലിറ്റി ഷോകളിലൂടേയും ശ്രദ്ധേയനായ താരമാണ് അസീസ്. 'തത്സമയം ഒരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ അസീസിന്റെ വേഷങ്ങൾ വലിയ ശ്രദ്ധനേടിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള 'കളങ്കാവൽ' ആണ് അസീസിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
Actor Azees Nedumangad returns to the shop where he worked in Bahrain after 18 years


































