(moviemax.in) തുടരും സിനിമയിൽ പ്രധാന കഥാപാത്രമാണ് നടി ആര്‍ഷ ചാന്ദ്‌നി ബൈജു അവതരിപ്പിച്ചത്. ഇപ്പോൾ ആ കഥാപാത്രത്തെയും പ്രമേയത്തെയും കുറിച്ച് സംസാരിക്കുകയാണ് നടി. സിനിമയില്‍ മേരി എന്ന കഥാപാത്രമായാണ് ആര്‍ഷ എത്തിയത്. ചിത്രത്തില്‍ മേരിയുടെയും പവിയുടെയും കഥാപാത്രങ്ങളിലൂടെ ദുരഭിമാനക്കൊലയെ കുറിച്ച് തുടരും സംസാരിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച കെവിന്‍ ദുരഭിമാനക്കൊലയാണ് സിനിമയുടെ റഫറന്‍സ് എന്ന് പറയുകയാണ് ആര്‍ഷ ബൈജു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് നടി സംസാരിച്ചത്.
'ആദ്യ നരേഷനില്‍ തന്നെ കെവിന്‍-നീനു സംഭവമാണ് റഫറന്‍സ് എന്ന് പറഞ്ഞിരുന്നു. കോട്ടയത്തെ ഈ ദുരഭിമാനക്കൊലയാണ് സിനിമയിലെ പവി-മേരി സീനില്‍ വരുന്നത്. സുനിലേട്ടനും തരുണ്‍ചേട്ടനും കഥ എഴുതിയപ്പോള്‍ തന്നെ അതായിരുന്നു മനസിലെന്നാണ് ഞാന്‍ കരുതുന്നത്. കെവിന്‍-നീനു സംഭവം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണല്ലോ. എന്നാലും ഷൂട്ടിന് മുന്നോടിയായി ഈ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും വീഡിയോസും ഡോക്യുമെന്ററികളുമെല്ലാം കണ്ടിരുന്നു,' ആര്‍ഷ പറഞ്ഞു.
സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മികച്ച രീതിയില്‍ കഥ നരേറ്റ് ചെയ്തുതരുന്ന ആളാണെന്നും കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ തന്നെ പറഞ്ഞുതന്നിരുന്നെന്നും ആര്‍ഷ പറഞ്ഞു. സിനിമയില്‍ കാണിക്കാത്ത മേരിയുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കിയിരുന്നെന്നും ആര്‍ഷ കൂട്ടിച്ചേര്‍ത്തു.
'എനിക്ക് വളരെ കൃത്യമായി മേരി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞുതന്നിരുന്നു. ഓരോ സീനും എടുക്കുന്നതിന് മുന്‍പും ആ കഥാപാത്രത്തിന്റെ ഉള്ളിലൂടെ എന്താണ് കടന്നുപോകുന്നത് എന്നും വ്യക്തമാക്കിയിരുന്നു. തരുണ്‍ ചേട്ടന് അഭിനേതാക്കളെ നന്നായി ഡീല്‍ ചെയ്യാന്‍ അറിയാം. ഓരോരുത്തരില്‍ നിന്നും ഏറ്റവും മികച്ചത് അദ്ദേഹം പുറത്തെടുക്കും. എനിക്ക് തുടരുമില്‍ വളരെ കുറച്ച് സീനുകളേ ഉള്ളു. പക്ഷെ അവ സിനിമയില്‍ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് കടന്നുവരുന്നത്.
സിനിമയില്‍ കാണിക്കാത്ത മേരിയുടെ ജീവിതത്തെ കുറിച്ച് തരുണ്‍ ചേട്ടന്‍ പറഞ്ഞുതന്നിരുന്നു. അച്ഛനായുമായുള്ള ബന്ധം, പവിയുമായുള്ള റിലേഷന്‍ഷിപ്പ്, വീട്ടില്‍ നിന്നും അനുഭവിച്ച കാര്യങ്ങള്‍, അമ്മയുടെ മരണം തുടങ്ങി മേരിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെ കുറിച്ച് തരുണ്‍ ചേട്ടന്‍ സംസാരിച്ചിരുന്നു,' ആര്‍ഷ പറഞ്ഞു. അതേസമയം, തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രമായ തുടരും. 180 കോടിയോളം ആഗോളതലത്തില്‍ കളക്ഷന്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രമായി 100 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്.
actress arshachandnibaiju about thudarum movie reference