( moviemax.in) രേണു സുധിയും അവർക്കായി കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മ നിർമ്മിച്ച് കൊടുത്ത സുധിലയമെന്ന വീടും ഒരിടവേളയ്ക്കുശേഷം വീണ്ടും ചർച്ച വിഷയമാണ്. വീടിന്റെ പേരും പറഞ്ഞ് കെഎച്ച്ഡിഇസി കൂട്ടായ്മയുടെ സ്ഥാപകൻ ഫിറോസും രേണു സുധിയും തമ്മിലുള്ള പ്രശ്നങ്ങൾ ദിനംപ്രതി വഷളാവുന്നു. കഴിഞ്ഞ ദിവസം കെഎച്ച്ഡിഇസി സംഘടനയ്ക്കെതിരെയും ഫിറോസിന് എതിരെയും ശക്തമായ ഭാഷയിൽ രേണു പ്രതികരിച്ചിരുന്നു. രേണുവിന്റെ പുതിയ തുറന്ന് പറച്ചിലുകളും മറുപടികളും വൈറലായശേഷം ശക്തമായ രീതിയിൽ സൈബർ ബുള്ളിയിങ് ഫിറോസും കെഎച്ച്ഡിഇസിയും ഏറ്റുവാങ്ങുന്നുണ്ട്.
ഇപ്പോഴിതാ തന്റെ മുൻകാല ജീവിതത്തെ കുറിച്ച് ഫിറോസ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിർധനരെ സഹായിക്കാൻ സാമ്പത്തിക സഹായം ചോദിക്കാൻ പോലും തനിക്ക് ഇപ്പോൾ ഭയമാണെന്ന് പ്രവാസിയായിരുന്ന ഫിറോസ് പറയുന്നു. ഒപ്പം പുതിയതായി താൻ കൂടി ചുമതല വഹിക്കാൻ പോകുന്ന പ്രോജക്ടിന്റെ വിശദ വിവരങ്ങളും ഫിറോസ് പങ്കിട്ടു.
എന്റെ പോറ്റമ്മയാണ് ഈ ഖത്തർ... ഞാനിപ്പോൾ അവിടെ ഇരുന്നാണ് ഈ പോസ്‌റ്റിടുന്നത്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും എനിക്ക് തന്ന ഞങ്ങളുടെ ഖത്തർ... ഖത്തറിൽ നിന്നും ജോലിയും ബിസിനസും എല്ലാ അവസാനിപ്പിച്ച് വേരോടെ പിഴുത് നാട്ടിൽ പറിച്ച് നട്ടെങ്കിലും ഇടക്കിടെ ഇങ്ങനെ ഇവിടേക്ക് വരാനും ചിലരെയെല്ലാം കാണാനും ഇവിടത്തെ മാളുകളിലും പാർക്കുകളിലും നടക്കാനും മനസ് ഇടയ്ക്കിടെ ഇങ്ങനെ ആവശ്യപെട്ടു കൊണ്ടിരിക്കും.

ഹിലാലിലെ പഴയ ഇന്ത്യൻ എംബസിയുടെ പരിസരങ്ങൾ, ലുസെയിലിലെ കൂറ്റൻ ബിൽഡിങുകൾ, മാമ്മൂറയിലെ എന്റെ പഴയ വീട്ടിലെ കോമ്പൗണ്ട് തുടങ്ങി എന്തെല്ലാം... പഴയ നന്മ നിറഞ്ഞ കണ്ണുകളിൽ ഈറൻ തന്ന ഓർമ്മകളാണ്. അന്നെല്ലാം ജോലി പ്രശ്നങ്ങൾ കൊണ്ടും സ്പോൺസറിൽ നിന്ന് അവരുടെ പീഡനം കാരണം കൊണ്ട് ഒളിച്ചോടിയും വിസ തട്ടിപ്പിൽ പെട്ടും ഒരുപാട് പേർ അഭയം തേടുന്ന സ്ഥലമായിരുന്നു ഇന്ത്യൻ എംബസി. മതിയായ ഷെൽട്ടറൊ മറ്റൊ അന്ന് എംബസിക്കില്ലായിരുന്നു.
ഒരു തകർന്ന കാർ ഷെഡിൽ അവർ കിടന്നിരുന്നത് ഇന്നും ഓർക്കുന്നു. തൊട്ടടുത്ത പള്ളിയിൽ ആയിരുന്നു അവർ പ്രാഥമിക ആവിശ്യങ്ങൾ നിറവേറ്റിയിരുന്നത്. ഭക്ഷണം പല ഹോട്ടലുകൾ ഫ്രീയായി തരുമായിരുന്നു. അവർക്ക് വേണ്ട വസ്ത്രങ്ങൾ, പുതപ്പ് എല്ലാം ഞങ്ങളായിരുന്നു നൽകിയിരുന്നത്. ഓരൊരുത്തരുടെയും ടിക്കറ്റും പാസ്‌പ്പോർട്ടും എല്ലാം ശരിയാക്കി അവരുടെ കുഞ്ഞുങ്ങൾക്ക് ചോക്ലേറ്റും വാങ്ങി ടിക്കറ്റും എല്ലാം അവരുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ കിട്ടിയിരുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല.
എല്ലാ സമയത്തും സ്വന്തം ഊഴം കാത്ത് ഞങ്ങളുടെ സഹായം കാത്ത് അവിടെ ആറിൽ അധികം ആൾക്കാർ ഉണ്ടാകുമായിരുന്നു. ചൂട് കാലമായാൽ എന്റെ വീടിന്റെ കോമ്പൗണ്ട് വെള്ളത്തിന്റെ ബോട്ടിലുകളും ജ്യൂസും ഫ്രൂട്ട്സും എല്ലാകൊണ്ട് നിറയുമായിരുന്നു. അവയെല്ലാം തണുപ്പിച്ച് ബോക്സുകളിലാക്കി സൂര്യൻ നെറുകയിൽ എത്തി ദാഹിച്ച് ക്ഷീണിച്ച് ജോലി ചെയ്തിരുന്ന ഒരുപാട് തൊഴിലാളികൾക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
അന്ന് ഏറ്റവും കൂടുതൽ ഞങ്ങൾ പോയിരുന്നത് ലുസൈൽ സിറ്റിയിൽ ആയിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം... അഭിമാനത്തോടെ പറയുകയാണെങ്കിൽ ഞാൻ ഒറ്റക്ക് തുടങ്ങിയ ഒരു നന്മ പിന്നീട് രാജ്യങ്ങളുടെയൊ നിറത്തിന്റെയൊ മതത്തിന്റെയൊ ഭാഷയുടെയൊ അതിരുകളില്ലാതെ ഒരു വലിയ കൂട്ടായ്മ ആവുകയായിരുന്നു. ലക്ഷ കണക്കിനുപേരുടെ കണ്ണുകളിലെ സന്തോഷം രുചിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
അതിലൊരു കണ്ണിന്റെ ഉടമസ്ഥൻ പോലും ഞങ്ങളെ ആരെയും അവരെ സഹായിച്ചതിന്റെ പേരിൽ ഞങ്ങളെ സങ്കടപെടുത്തിയിട്ടില്ല. ഖത്തറിൽ അവസാനിച്ചത്... അതാണ് ശരി ഞാനിവിടെ നിന്ന് പോയപ്പോൾ എല്ലാം അവസാനിക്കുകയായിരുന്നു. ഇന്നും അതിലൊരുപാട് സങ്കടം ബാക്കിയുണ്ട്. അതെ ഖത്തറിൽ അവസാനിച്ചത് നാട്ടിൽ തുടങ്ങുകയായിരുന്നു... പതിവ് പോലെ എല്ലാ റിസ്ക്കും സ്വയം ഏറ്റെടുത്ത് മുന്നോട്ട പോയ ഞാൻ തന്നെ ആയിരുന്നു ഇര. കുറച്ച് മാസമായ് നിർത്തി വെച്ചതായിരുന്നു. ഇതൊരു വീടാണ്.
നാല് മക്കൾ ഉൾപെടുന്ന ഒരു കുടുംബം ജീവിക്കുന്ന അവരുടെ ഒരു കൊട്ടാരം. ഇതിലെ ഓരൊ ഫോട്ടോയും നിങ്ങൾ സൂക്ഷ്മായി നിരീക്ഷിക്കണം. എന്നിട്ട് നിങ്ങൾ കമന്റിടണം. മുമ്പ് ഞാൻ ഓരോ പുതിയ വീടും പൂർത്തികരിച്ച് കൊണ്ട് പോസ്റ്റ് ചെയ്തിരുന്ന വീടുകൾക്ക് ഇട്ടിരുന്ന കമന്റ് ഇടാൻ പറ്റുന്നുണ്ടൊ ഇവിടെ?. സാമ്പത്തിക സഹായമെല്ലാം നിങ്ങളിൽ നിന്ന് ചോദിക്കാൻ എനിക്ക് ഭയമാണ്.
എന്റെ സ്വന്തം ബാങ്ക് പലിശയോ ഫേസ്ബുക്ക് വരുമാനമോ രുചിക്കാത്ത എന്നെ എല്ലാ വർഷങ്ങളിലും ദൈവത്തെ മാത്രം ഭയന്ന് ലക്ഷങ്ങൾ സക്കാത്ത് കൊടുക്കുന്ന എന്നെ രേണു സുധിയുടെ വീടിന്റെ പേരിൽ കള്ളൻ ആക്കിയവർ ഉള്ള നാടാണിത്. ഈ വീട് പൊന്നാനിയിലെ തീരദേശത്താണ്. ഇവർ ഇവിടെ നിന്ന് പെട്ടെന്ന് മാറിയാൽ സർക്കാർ കുറച്ച് തുക അവർക്ക് കൊടുക്കും. പിന്നെ ഞാനും ആരെങ്കിലും സ്വന്തമായ് മുന്നോട്ട് വന്ന് കൂടെ കൂടിയാൽ അവരും ചേർന്ന് ഇവർക്കൊരു വീട് വെച്ച് കൊടുക്കും.
എനിക്ക് വേണ്ടത് ഇത്രമാത്രം പൊന്നാനി പരിസരത്ത് ഒരു മൂന്നോ നാലോ സെന്റ് സ്ഥലം മാന്യമായ വിലക്ക് വേണം. അതല്ല ഒരു വീടും സ്ഥലവും ആണെങ്കിൽ അങ്ങനെ. നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുക... മരണത്തിന് അല്ലാതെ മറ്റാർക്കും നമ്മളെ തടയാൻ കഴിയില്ല. നമ്മുടെ കൂടെ സത്യസന്ധത ഉണ്ടെങ്കിൽ എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.
firose khdec latest write up about renusudhi house


































