May 11, 2025 01:11 PM

(moviemax.in) കഴിഞ്ഞ ദിവസമായിരുന്നു നടൻ വിഷ്ണു പ്രസാദിന്റെ മരണം. കരൾ രോ​ഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് നടൻ വിട പറഞ്ഞത്. നിരവധി സീരിയലുകളിൽ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. വിഷ്ണു പ്രസാദിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ലെെറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

ഞാൻ‌ ആദ്യമായി സംവിധാനം ചെയ്ത സീരിയലാണ് വലയം. അവസാനമായി സംവിധാനം ചെയ്തത് സൂര്യ ടിവിക്ക് വേണ്ടി നിഴൽക്കണ്ണാ‌ടി എന്ന സീരിയലാണ്. ഇവ രണ്ടിലും നായക വേഷം ചെയ്തിരുന്ന ആളാണ് വിഷ്ണു പ്രസാദ്. ഒരു സിനിമാ, സീരിയൽ നടന് ആവശ്യമുള്ള അഭിനയവും ആകാര ഭം​ഗിയും സ്വന്തം ശബ്ദവുമൊക്കെയുള്ള നടനായിരുന്നു വിഷ്ണു. ജീവിതത്തിൽ നന്നായി അഭിനയിക്കുന്നയാളും വളരെ മോശമായി മദ്യപിക്കുന്നയാളുമായിരുന്നു വിഷ്ണു. നിരവധി ഉ​ദാഹരണങ്ങളോട് എനിക്കത് പറയാൻ കഴിയും. രാവിലെ സെറ്റിൽ വരുന്നത് പരമ ഭക്തനായാണ്. ക്യാമറമാനും അസിസ്റ്റന്റ് ഡയരക്ടർക്കുമെല്ലാം പ്രസാദം കൊടുക്കും.

എന്നെ നോക്കി ചിരി ചിരിച്ച് പോകും. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിച്ചിട്ട് വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ നമ്മളെ വശീകരിക്കുന്ന ചിരി ചിരിച്ച് വിഷ്ണു മുങ്ങിക്കളയും. കാശിനായോ ഭക്ഷണത്തിനായോ താമസ സൗകര്യത്തിനായോ ഒരു തവണ പോലും വിഷ്ണു എന്റെ സെറ്റിൽ ചെറിയ പ്രശ്നങ്ങൾ പോലുമുണ്ടാക്കിയിട്ടില്ല. അത് കൊണ്ടാണ് വലയം മുതൽ നിഴൽക്കണ്ണാ‌ടി വരെ വിഷ്ണുവിനെ വിളിച്ചത്.

നിഴൽക്കണ്ണാ‌ടിയുടെ വർക്കിനിടെ അയാൾക്ക് താമസിക്കാൻ കൊടുത്ത ഹോട്ടലിൽ നിന്ന് മാറിക്കോ‌ട്ടെ അവിടെ നിന്ന് ഒറ്റയ്ക്ക് ബോറടിക്കുന്നെന്ന് വിഷ്ണു എന്നോട് ചോദിച്ചു. അങ്ങനെ ആ സീരിയലിലെ രണ്ട് നായകൻമാരെയും നായിക താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് പറഞ്ഞു. വർത്തമാനം പറഞ്ഞ് സമയം പോട്ടെ, ബോറടിക്കേണ്ട എന്ന് കരുതി. ചീട്ടുകളിയുടെ ഉസ്താദുമാരായിരുന്നു ഇവരെല്ലാം. ഹോട്ടലിലെ ബിൽ സെറ്റിൽ ചെയ്യാൻ ചെന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടി. റൂം റെന്റിനേക്കാൾ കൂടിയ ബിൽ ആയിരുന്നെന്ന് ശാന്തിവിള ദിനേശ് ഓർത്തു.

വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെ‌ട്ടിപ്പോയി. ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറുന്നതെന്ന് ആലോചിച്ചപ്പോൾ കേട്ടതൊക്കെ വിശ്വസിക്കാൻ പ്രയാസം തോന്നി. ഒരു ലൊക്കെഷൻ ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് വിഷ്ണു എന്റെ കൂടെ കാറിൽ കയറി. നിശബ്ദനായി എന്തോ വലിയ പ്രശ്നം ചിന്തിക്കുന്നത് പോലെയിരിക്കുന്ന വിഷ്ണുവിനോട് ഞാൻ അറിഞ്ഞ കാര്യം ചോദിച്ചു. ഒരിക്കലും ഞാൻ ഇക്കാര്യം അറിയുമെന്ന് വിഷ്ണു ചിന്തിച്ചിരുന്നില്ല. ഭൂമി പിളർന്നത് പോലെയായിപ്പോയി അയാൾക്ക്.

കേ‌ട്ടതെല്ലാം ശരിയാണെന്ന് പറഞ്ഞാൽ ചേട്ടൻ എന്ത് പറയുമെന്ന് എന്നോട് ചോദിച്ചു. നീ ഒരു മഹാബോറനാണെന്ന് പറയുമെന്ന് ഞാൻ ഉത്തരം പറഞ്ഞു. പിന്നെ അടുത്ത ലൊക്കേഷനിൽ എത്തും വരെ ഒരക്ഷരം വിഷ്ണു മിണ്ടിയതുമില്ല. ഞാൻ വേറൊന്നും ചോദിച്ചതുമില്ല. പിന്നീടൊരിക്കൽ എന്നോട് ഇങ്ങോട്ട് കയറി പറഞ്ഞു. ചേട്ടൻ കേട്ടതെല്ലാം ശരിയാണ്.

പക്ഷെ അതിന് എനിക്ക് എന്റേതായ ന്യായമുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് കേൾക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനവും അസാമാന്യമായ ആത്മീയതയും അയാളെ തകർത്തു. മനസിലെ കുറ്റബോധമാണോ വഴി വിട്ട ജീവിതമാണോ വിഷ്ണുവിനെ തുലച്ചതെന്ന് തനിക്ക് പറയാനാകില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

santhiviladinesh reveals details about vishnuprasad life says its shocking

Next TV

Top Stories