കാമുകിയെ കാണാനായി നീലേശ്വരത്തുനിന്നും അര്‍ദ്ധരാത്രിയിലെത്തിയ കാമുകന് ഒടുവില്‍ പോലീസിന്റെ പിടിയിലായി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് നൈറ്റ് പട്രോളിംഗ് സംഘം കാമുകനെ കുടുക്കിയത്.
നീലേശ്വരത്തെ പത്തൊന്‍പതുകാരനും ഒളവറയിലെ പതിനാറുകാരിയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരുടേയും പ്രണയം വളര്‍ന്ന് പന്തലിച്ചത്.
ഇതുവരെ ഇരുവരും നേരിൽ കണ്ടിരുന്നില്ല. നേരിട്ടുകാണണമെന്ന ഒടുങ്ങാത്ത ആഗ്രഹം സഫലമാക്കാനായി ഇരുവരും കൂടിയാലോചിച്ച് കണ്ടെത്തിയ സമയം ഇന്നലെ രാത്രിയായിരുന്നു. ഇതുപ്രകാരം പയ്യന്നൂരിലെത്തിയ മീശമുളയ്ക്കാത്ത കാമുകന് രാത്രി പന്ത്രണ്ടരയോടെയാണ് ഒളവറയിലെത്തിയത്.
ഗൂഗിള്‍ മാപ്പിലൂടെ പ്രണയിനിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കാമുകന് അതുവഴി വന്ന പയ്യന്നൂര്‍ എസ്ഐ രാജീവന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ പിടയിലായത്.
നീലേശ്വരത്തുകാരന് അര്‍ദ്ധരാത്രിയില്‍ ഒളവറയില്‍ എന്താണ് കാര്യമെന്ന ചോദ്യത്തിന് മുന്നില്‍ പിടിച്ച് നില്ക്കാനാവാതെ കാമുകന് പോലീസിന് മുന്നില്‍ തന്റെ പ്രണയത്തിന്റെ കെട്ടഴിച്ചു. ഫോണിലൂടെയുള്ള ബന്ധമായിരുന്നുവെന്നും കാമുകിയുടെ വീടറിയില്ല എന്നും കാമുകന് വ്യക്തമാക്കി.
തുടർന്ന് പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പുലര്‍ച്ചെ 1.45 ആയപ്പോള്‍ കാമുകന്റെ ഫോണിലേക്ക് വിളിവന്നു. ഫോണ്‍ വാങ്ങി അറ്റന്റ് ചെയ്തത് പോലീസാണ്.
എവിടെയെത്തിയെന്നും താന്‍ എത്രനേരമായി ഉറക്കമിളച്ച് കാത്തിരിക്കുകയാണെന്നുമുള്ള പ്രണയാര്ദ്രയായ പതിനാറുകാരിയുടെ വെമ്പലോടെയുള്ള സ്വരമാണ് കേട്ടത്.
ഫോണിലൂടെ മാത്രം പരിചയപ്പെട്ട കാമുകനെകാത്ത് പതിനാറുകാരി പുലര്‍ച്ചെ വരെ കാത്തിരിക്കുകയായിരുന്നു എന്നറിഞ്ഞതോടെപോലീസ് ശരിക്കും ഞെട്ടി. ഏതായാലും മണിക്കൂറുകൾ നീളമുള്ള സംഭാഷണങ്ങളടങ്ങിയ ഫോൺ സ്റ്റേഷനിൽ വാങ്ങിവച്ച് പൊടിമീശക്കാമുകനെ ഉപദേശിച്ച് പോലീസ് പറഞ്ഞയക്കുകയായിരുന്നു.
Google Map works; My boyfriend went to see his girlfriend in front of the police