നഷ്ടപ്പെട്ട കാൽ ഉൾപ്പെടെ നിരവധി കേടുപാടുകൾ സംഭവിച്ച ഒരു പാവ യുകെയിൽ നടന്ന ലേലത്തിൽ വിറ്റ് പോയത് ആരെയും അമ്പരപ്പിക്കുന്ന വിലയ്ക്ക്. പാവയെ സ്വന്തമാക്കുന്നതിനായി നടന്ന വാശിയേറിയ ലേലത്തിൽ 53,000 പൗണ്ടിന് ആണ് പാവ വിറ്റു പോയത്. അതായത് ഏകദേശം 52 ലക്ഷം ഇന്ത്യൻ രൂപയ്ക്ക്.

'കമ്മർ & റെയിൻഹാർഡ് 102 വാൾട്ടർ ബിസ്‌ക് സോക്കറ്റ് ഹെഡ് ആന്‍റിക് ഡോൾ' എന്നറിയപ്പെടുന്ന ഈ പാവ, അപൂർവ്വ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് എന്നാണ് ലേല കമ്പനി അവകാശപ്പെടുന്നത്. ടീസൈഡ് ആസ്ഥാനമായുള്ള വെക്റ്റിസ് എന്ന സ്ഥാപനമാണ് ലേലം നടത്തിയത്.
അമേരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയാണ് പാവം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 12 ലക്ഷത്തിനും 17 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ലേലത്തിലൂടെ പാവയ്ക്ക് ലഭിക്കുകയെന്നാണ് കരുതിയിരുന്നതെന്ന് വെക്റ്റിസ് ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ടാണ് അതിശയിപ്പിക്കുന്ന വിലയിൽ ലേലം നടന്നത്. 'ലോകത്തിലെ ഏറ്റവും അപൂർവമായ പാവ' എന്ന വിശേഷണം നൽകികൊണ്ടായിരുന്നു കമ്പനി പാവയെ ലേലത്തിൽ അവതരിപ്പിച്ചത്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പാവയുടെ വിൽപ്പനക്കാരൻ തങ്ങൾക്ക് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ പാവയാണിതെന്ന് വെളിപ്പെടുത്തി.
തന്‍റെ മുത്തശ്ശിയുടെ കൈയിലാണ് ആദ്യമായി ഇത് കണ്ടതെന്നും എന്നാൽ, അതിന് മുൻപേ ഇത് തങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ സ്വീകരണ മുറിയിലെ ഒരു പ്രധാന അംഗമായിരുന്നു പാവയെങ്കിലും ഒരിക്കൽ വീട്ടിലെ വളർത്തുനായ കടിച്ചു പറിച്ചതോടെയാണ് പാവയുടെ കാലുകൾ നഷ്ടപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്.
പാവയുടെ മോഡലിംഗിലെ ഭംഗിയും ഭാവതീവ്രമായ മുഖവും എടുത്തുകാട്ടി അപൂർവ്വങ്ങളിൽ അപൂർവ്വമായ പാവ എന്ന വിശേഷണം നൽകിയാണ് വെക്റ്റിസ് കമ്പനി ഇത്രമാത്രം അമ്പരപ്പിക്കുന്ന തുകയിൽ പാവയുടെ ലേലം സാധ്യമാക്കിയത്.
A doll that was bitten and disfigured by a dog was sold at auction for 52 lakh rupees!