ടോപ് സിംഗർ രണ്ടാം സീസണുമായി ഫ്ലവേഴ്സ് ടി.വി.. സ്റ്റാർ സിംഗറുമായി വീണ്ടും ഏഷ്യ നെറ്റ്: കേരളത്തിൽ വീണ്ടും സംഗീത മാമാങ്കം ചാനലുകൾ എന്ന നിലയിൽ ഏഷ്യ നെറ്റും, ഫ്ലവേഴ്സ് ടിവിയും പ്രേക്ഷക പ്രീതിയിലും , വരുമാനത്തിലും മുന്നേറിയത് അവരുടെ മ്യൂസിക്കൽ റിയാലിറ്റി ഷോകളിലൂടെയാണ്. സ്റ്റാർ സിംഗറായിരുന്നു ഏഷ്യ നെറ്റിൻ്റെ എന്നത്തെയും ജനപ്രിയ റിയാലിറ്റി ഷോ.
2006 മുതൽ 2014 വരെ വിവിധ സീസണുകളിലായി നടന്ന സ്റ്റാർ സിംഗർ മലയാള ടെലിവിഷൻ ചരിത്രത്തിൽ റേറ്റിങ്ങുകൾ തകർത്ത് മുന്നേറിയ ഷോയായിരുന്നു. നൂറു കണക്കിന് മൽസരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ എം.ജി ശ്രീകുമാർ, ശരത്, എന്നിങ്ങനെ സംഗീതരംഗത്തെ പ്രമുഖർ വിധികർത്താക്കളായി വന്നു.
റിമി ടോമി, രജ്ഞിനി ഹരിദാസ് എന്നിവരുടെ മികച്ച അവതരണവും പ്രേക്ഷകരിൽ തരംഗമായി മാറി. പിന്നീട് മ്യൂസിക്കൽ റിയാലിറ്റി ഷോകൾക്ക് പ്രേക്ഷകരുടെ പിന്തുണ കുറഞ്ഞതോടെ സ്റ്റാർ സിംഗറിന് വിരാമമാവുകയായിരുന്നു.
ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിൻ്റെ അമരക്കാരനായിരുന്ന ശ്രീകണ്ഠൻ നായ ർ ഫ്ലവേഴ്സ് ടി.വി തുടങ്ങിയതോടെ 2019 ലാണ് ടോപ് സിംഗർ എന്ന പേരിൽ കുട്ടികൾക്കായി മ്യൂസിക്കൽ ഷോ തുടങ്ങിയത്. ടോപ് സിംഗറും, അതിലെ മത്സരാർത്ഥികളായ കുട്ടികളും മലയാളി പ്രേക്ഷകരിൽ പുതിയ കാഴ്ചയുടെ വസന്തം സൃഷ്ടിച്ചു.
വൈവിധ്യമാർന്ന അവതരണവും, മികച്ച റേറ്റിങ്ങും മത്സരത്തിൽ മുഴുകിയ ടെലിവിഷൻ ഇൻഡസ്ട്രിയിൽ ഫ്ലവേഴ്സ് ടിവിയെ രണ്ടാം സ്ഥാനം വരെ എത്തിച്ചു. പിന്നീട് കോവിഡ് കാരണം ടെലിവിഷൻ ഷൂട്ടുകൾ മുടങ്ങിയത് ടോപ്പ് സിംഗറിനെയും ബാധിച്ചു. ടോപ്പ് സിംഗർ അവസാനഘട്ടത്തിലേക്ക് നീങ്ങവെ സ്റ്റാർ സിംഗർ വീണ്ടും വരുന്നു എന്ന പ്രഖ്യാപനവുമായി ഏഷ്യാനെറ്റ് രംഗത്ത് വന്നു.
ഇതിനിടെ തിരുവോണത്തിന് ടോപ് സിംഗറിൻ്റെ മാരത്തോൺ ഫൈനൽ നടത്തി ഫ്ലവേഴ്സും ഓണക്കാഴ്ചകളിൽ ഓളം സൃഷ്ടിച്ചു. ഒടുവിൽ സമ്മാനദാന ചടങ്ങിൽ വച്ച് ഫ്ലവേഴ്സ് ടിവിയുടെ അമരക്കാരൻ ശ്രീകണ്ഠൻ നായർ തന്നെ ടോപ് സിംഗർ രണ്ടാം സീസൺ പ്രഖ്യാപിച്ചു.
എന്തായാലും വരുന്ന മാസങ്ങൾ മലയാളി ടിവി പ്രേക്ഷകർക്ക് സംഗീതോത്സവമാണ്. സ്റ്റാർ സിംഗറിൻ്റെ പാരമ്പര്യവുമായി ഏഷ്യാനെറ്റും, വൈവിധ്യങ്ങൾ കൊണ്ട് ഫ്ലവേഴ്സ് ടിവിയും കളം നിറയുമ്പോൾ നമുക്ക് കാത്തിരിക്കാം.. പാട്ടിൻ്റെ പുതിയ സായന്തനങ്ങൾക്കായി.
Asianet Kerala is once again gearing up for another musical extravaganza with Star Singer