(moviemax.in)ദിനംപ്രതി കൊലപാതകങ്ങളും അതിക്രമങ്ങളും വർധിച്ച് വരുന്ന ഒരു സമൂഹത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ആയുധമെടുക്കുന്നവരായി പലരും മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ, സൗത്ത് കൊറിയയിലെ ബുസാനിലുള്ള ഒരു യുവതി ഒരാളെ കൊന്നാൽ എങ്ങനെയിരിക്കും എന്ന് അറിയുന്നതിന് വേണ്ടി മാത്രം ഒരു ടീച്ചറെ കൊലപ്പെടുത്തിയത്രെ.

23 -കാരിയായ ജുങ് യൂങ് ജുങ് എന്ന യുവതിയാണ് ആകാംക്ഷയുടെ പുറത്ത് അധ്യാപികയെ കൊലപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ജൂങ് ഹൈസ്കൂൾ പൂർത്തിയാക്കിയത്. എന്നാൽ, ജോലിയൊന്നും ശരിയായിരുന്നില്ല. അതിനിടയിലാണ് യുവതി കൊലപാതകവും നടത്തിയത്. മറ്റൊരു ലക്ഷ്യവും ഇല്ലായിരുന്നു കൊലപാതകത്തിന്, കൊല്ലപ്പെട്ട യുവതിയോട് ജൂങ്ങിന് മുൻവൈരാഗ്യം ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
കൊല്ലപ്പെട്ട അധ്യാപികയെ ജൂങ് ആദ്യം ഫോണിൽ വിളിക്കുകയായിരുന്നു. താൻ ഒരു കുട്ടിയുടെ അമ്മയാണ് എന്നും കുട്ടിക്ക് ട്യൂഷൻ കൊടുക്കാമോ എന്നും ചോദിച്ചാണത്രെ അധ്യാപികയെ വിളിച്ചത്. പിന്നാലെ, നേരിൽ കാണാമെന്നും പറഞ്ഞുറപ്പിച്ചു. നേരിൽ കാണാനായി ചെല്ലുമ്പോൾ ജൂങ് ഒരു സ്കൂൾ യൂണിഫോം ആണ് ധരിച്ചത്. താനാണ് വിദ്യാർത്ഥിനി എന്ന് അധ്യാപികയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ശേഷം അധ്യാപികയെ ജൂങ് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ജൂങ് അവിടെ നിന്നും ഒരു ടാക്സിയിലാണ് പോയത്. ടാക്സി ഡ്രൈവർ അവളുടെ ബാഗിൽ രക്തം കാണുകയും പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സമീപത്തെ പുഴക്കരയിൽ നിന്നും അധ്യാപികയുടെ വീട്ടിൽ നിന്നുമായി ശരീരഭാഗങ്ങൾ കണ്ടെടുത്തു. നിരന്തരം കൊലപാതകങ്ങളെ കുറിച്ചുള്ള സീരീസുകളും മറ്റും കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്നു ജൂങ്.
പൊലീസ് അന്വേഷണത്തിൽ മൂന്ന് മാസം മുമ്പ് തന്നെ എങ്ങനെ ഒരു മൃതദേഹം ഒളിപ്പിക്കാം എന്ന് അവൾ മൊബൈലിൽ തിരഞ്ഞതായി കണ്ടെത്തി. ഒപ്പം ജൂങിന്റെ വീട്ടിൽ നിന്നും കൊലപാതകത്തെ കുറിച്ചുള്ള അനേകം പുസ്തകങ്ങളും കണ്ടെടുത്തു. ജൂങ്ങിന്റെ മുത്തച്ഛൻ പറയുന്നത് കൊലപാതകം നടക്കുന്ന സമയത്ത് അവൾ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ്.
A 23-year-old girl killed a teacher out of curiosity...!