---
title: "അവർക്ക് ഞാൻ അഹങ്കാരിയായത് അപ്പോഴാണ്; താരത്തിന്റെ  തുറന്നു പറച്ചിൽ"
english_title: "That's when I became arrogant to them; The star's openness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95362/thats-when-i-became-arrogant-to-them-the-stars-openness"
published_at: "2023-02-07T16:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e228b5a37e2_raveena.jpg"
keywords: []
---

# അവർക്ക് ഞാൻ അഹങ്കാരിയായത് അപ്പോഴാണ്; താരത്തിന്റെ  തുറന്നു പറച്ചിൽ

> **Lead Summary:** ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു രവീണ ടണ്ടന്‍. അടുത്തിടെ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ രവീണ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

## Article Content

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു രവീണ ടണ്ടന്‍. അടുത്തിടെ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ രവീണ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോഴിതാ, രവീണയുടെ ഒരു തുറന്നു പറച്ചിൽ ശ്രദ്ധ നേടുകയാണ്. 1990 കളിൽ, തന്റെ പ്രതാപകാലത്ത് തനിക്ക് അസ്വസ്ഥത തോന്നിയ കാര്യങ്ങളെക്കുറിച്ചാണ് രവീണ തുറന്നു പറഞ്ഞത്. സിനിമകളിലെ ബലാത്സംഗ രംഗങ്ങൾ ചെയ്യുന്ന കാര്യത്തിൽ തനിക്ക് ചില ഡിമാൻഡുകൾ ഉണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് രവീണ വെളിപ്പെടുത്തിയത്.

ന്യൂസ് ഏജൻസി ആയ എഎൻഐക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തനിക്ക് അസ്വസ്ഥത തോന്നിയ, നോ പറയേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് രവീണ പറഞ്ഞത്. അതിന് തനിക്ക് ചാർത്തിക്കിട്ടിയ പേര് അഹങ്കാരി എന്നായിരുന്നു എന്നും രവീണ പറഞ്ഞു. 

'പണ്ട് പല കാര്യങ്ങളിലും ഞാൻ അസ്വസ്ഥയായിരുന്നു. ശരിയാവില്ലെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ഞാൻ പറയും. ഉദാഹരണത്തിന്, ഡാൻസ്. അതെനിക്ക് പറ്റുന്നതല്ലെങ്കിൽ പറ്റില്ല, ഞാൻ ചെയ്യില്ല എന്ന് ഞാൻ പറയും. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനോ ചുംബനരം​ഗങ്ങൾ ചെയ്യാനോ താത്പര്യമില്ല.

ഞാൻ സ്വയം വിലകല്പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തിൽ ഒരു ചുളിവു പോലും വരാതെ ബലാത്സം​ഗ രം​ഗത്തിൽ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോൾ ഞാൻ ആയിരിക്കും,' രവീണ പറഞ്ഞു.

'നിങ്ങൾക്ക് വേണമെങ്കിൽ റേപ്പ് സീൻ എടുക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളിൽ തൊടരുത് അതിൽ ഒരു ചുളിവ് പോലും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അതിനവർ എന്നെ ധിക്കാരിയെന്ന് വിളിച്ചു. അത് കാരണം എനിക്ക് അവസരങ്ങൾ നഷ്ടമായി. കരിഷ്മാ കപൂർ ആദ്യമായി അഭിനയിച്ച പ്രേം കൈദി എന്ന ചിത്രത്തിലെ ആ വേഷം ശരിക്ക് ‍ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. നായകൻ എന്റെ സിബ് ഊരുകയും സ്ട്രാപ്പ് കാണുകയും ചെയ്യുന്ന രംഗമുള്ളത് കൊണ്ട് ഒഴിവാക്കുകയായിരുന്നു,'

'ഡർ എന്ന ചിത്രത്തിലെ ചില രം​ഗങ്ങൾ അത് അശ്ലീലമല്ലെങ്കിലും അത് ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ടായിരുന്നു. ഞാൻ ഒരിക്കലും നീന്തൽ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. അത് പറ്റില്ലെന്ന് തന്നെ ഞാൻ പറഞ്ഞു,' രവീണ അഭിമുഖത്തിൽ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/95362/thats-when-i-became-arrogant-to-them-the-stars-openness)