---
title: "മുസ്ലീം നടിമാരോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമുണ്ട്; കങ്കണ റണാവത്ത്"
english_title: "Kangana Ranaut says that the country has always loved the Khans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93225/kangana-ranaut-says-that-the-country-has-always-loved-the-khans"
published_at: "2023-01-29T19:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d67f5535565_kankana_ravat.jpg"
keywords: []
---

# മുസ്ലീം നടിമാരോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമുണ്ട്; കങ്കണ റണാവത്ത്

> **Lead Summary:** രാജ്യം എന്നും ഖാന്‍മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്ന് കങ്കണ റണാവത്ത്. ‘പഠാന്‍’ സിനിമയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

## Article Content

രാജ്യം എന്നും ഖാന്‍മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്ന് കങ്കണ റണാവത്ത്. ‘പഠാന്‍’ സിനിമയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

മുസ്ലീം നടിമാരോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമുണ്ട്. അതിനാല്‍ രാജ്യത്തിനു മേല്‍ ഫാഷിസവും വെറുപ്പും ആരോപിക്കുന്നത് അന്യായമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. ബോളിവുഡ് സിനിമാ നിര്‍മ്മാതാവായ പ്രിയ ഗുപ്തയുടെ ട്വീറ്റ് പങ്കുവെച്ചാണ് കങ്കണ പ്രതികരിച്ചത്.

”പഠാന്റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണിനും ആശംസകള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്നത്- 1. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ഷാരൂഖിനെ സ്‌നേഹിക്കുന്നു 2. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു.

3. ഇറോട്ടിക് രംഗങ്ങളും നല്ല സംഗീതവും 4. ഇന്ത്യ മതേതര രാജ്യമാണ്” എന്നാണ് പ്രിയ ഗുപ്തയുടെ ട്വീറ്റ്. ”വളരെ നല്ല വിശകലനം. ഈ രാജ്യം ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്‌നേഹിക്കുന്നു.

കൂടാതെ മുസ്ലീം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്. അതിനാല്‍ വെറുപ്പിന്റെയും ഫാഷിസത്തിന്റെയും പേരുപറഞ്ഞ് രാജ്യത്തെ കുറ്റപ്പെടുത്തുന്നത് അന്യായമാണ്. ഭാരതം പോലൊരു രാജ്യം ലോകത്തില്ല” എന്നാണ് കങ്കണ നിര്‍മ്മാതാവിന്റെ ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്.

പഠാന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്ന് കങ്കണ പ്രതികരിച്ചിരുന്നു. ”പഠാന്‍ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നത്” എന്നായിരുന്നു കങ്കണ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93225/kangana-ranaut-says-that-the-country-has-always-loved-the-khans)