---
title: "200 കോടി തട്ടിപ്പ്; ജാക്വിലിന്‍ ഫെർണാണ്ടസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകണം"
english_title: "200 crore fraud; Jacqueline Fernandez to appear again for questioning"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67835/200-crore-fraud-jacqueline-fernandez-to-appear-again-for-questioning"
published_at: "2022-09-12T20:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f44973d10a_JALIKWIN.jpg"
keywords: []
---

# 200 കോടി തട്ടിപ്പ്; ജാക്വിലിന്‍ ഫെർണാണ്ടസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകണം

> **Lead Summary:** ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ ദില്ലി പൊലീസിന്‍റെ നോട്ടീസ്. ബുധനാഴ്ച ദില്ലിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

## Article Content

ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ ദില്ലി പൊലീസിന്‍റെ നോട്ടീസ്. ബുധനാഴ്ച ദില്ലിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെർണാണ്ടസിനെ ദില്ലി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിൽ നേരത്തെ ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്‍റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസിൽ ലീനാ മരിയ പോളിനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. അതേസമയം, നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്‍റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അഭ്യർത്ഥിച്ച് ജാക്വിലിൻ രം​ഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67835/200-crore-fraud-jacqueline-fernandez-to-appear-again-for-questioning)