---
title: "ആര്യൻ ഖാന് ജാമ്യമില്ല"
english_title: "Aryan Khan has no bail"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6193/aryan-khan-has-no-bail"
published_at: "2021-10-20T15:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fe9db90491_aryan.jpg"
keywords: []
---

# ആര്യൻ ഖാന് ജാമ്യമില്ല

> **Lead Summary:** ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യൻ ഖാന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈ ആർതർ റോഡ് ജയിലിൽ തുടരും.

## Article Content

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യൻ ഖാന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈ ആർതർ റോഡ് ജയിലിൽ തുടരും.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻസിബി വാദിച്ചത്. ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ എന്‍.സി.ബി കോടതിയിൽ ഹാജറാക്കി. ആര്യനുള്‍പ്പടെയുള്ളവര്‍ പിടിയിലാവുന്നതിന് മുന്‍പ് ഒക്ടോബര്‍ രണ്ടിന് ആര്യനും യുവനടിയും തമ്മില്‍ ലഹരിയെക്കുറിച്ച് നടത്തിയ ചാറ്റ് എന്ന നിലയിലാണ് എന്‍.സി.ബി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

ഈ മാസം രണ്ടാം തിയ്യതിയാണ് ആര്യന്‍ ഖാനെ അടക്കം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് 13ന് പരിഗണിക്കാന്‍ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബര്‍ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/6193/aryan-khan-has-no-bail)