ബോളിവുഡിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് ആലിയ ഭട്ട്. ഗംഗുഭായ് കത്തെവാടി, ഡാർലിംഗ്സ് എന്നീ സിനിമകളുടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന നടി ബോളിവുഡിൽ ഇന്ന് ഏറ്റവും ബോക്സ് ഓഫീസ് മൂല്യമുള്ള നടിമാരിൽ ഒരാളുമാണ്.
29 കാരിയായ ആലിയ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹൈവേ എന്ന സിനിമയിലെ പ്രകടനത്തിലൂടെ നടി ഏവരെയും ഞെട്ടിച്ചു. കപൂർ ആന്റ് സൺസ്, ലവ് യു സിന്ദഗീ, ഗള്ളി ബോയ് തുടങ്ങിയ സിനിമകളിലും ആലിയ തിളങ്ങി. രൺബീർ കപൂറുമായി വിവാഹിതയായ നടി ഇപ്പോൾ ഗർഭിണിയുമാണ്.
തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ആലിയക്ക് നടിയെന്നതിനൊപ്പം താരമൂല്യവും ഏറെയാണ്. കോടികളാണ് പരസ്യ ബ്രാൻഡുകൾ ആലിയക്ക് വാഗ്ദാനം ചെയ്യുന്നത്. മാത്രവുമല്ല നടിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് മാത്രം ലഭിക്കുക ലക്ഷങ്ങളാണ്.
68.5 മില്യൺ ഫോളോവേഴ്സ് ആണ് ആലിയക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ബിസിനസ് ലോകത്ത് നിന്നുള്ള റിപ്പോർട്ട് പ്രകാരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിനോ ഇതിലൂടെയുള്ള പരസ്യത്തിനോ 85 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് ആലിയക്ക് ലഭിക്കുന്ന തുക.
540 കോടിയോളമാണ് നടിയുടെ ബ്രാൻഡ് ഇവാലുവേഷൻ. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന ആലിയയുടെ താരമൂല്യം കുത്തനെ കുതിച്ചുയരുകയാണെന്നാണ് സിനിമാ ലോകത്തെ സംസാരം.
അതേസമയം കരിയറിൽ ഒരുപാട് ദൂരം മുന്നോട്ട് പോവാനുള്ള ആലിയ ഈ സമയത്ത് വിവാഹം കഴിച്ചതും അമ്മയാവുന്നതും ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്.
എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും പ്രസവ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നുമാണ് ആലിയ പറയുന്നത്. വിവാഹം കഴിക്കുന്നതും അമ്മയാവുന്നതും വ്യക്തി ജീവിതത്തിലെ കാര്യമാണ്. പ്രൊഫഷണൽ ജീവിതത്തെ അത് ബാധിക്കേണ്ട കാര്യമില്ല. ഇത്തരം ചിന്താഗതികൾ മാറേണ്ട സമയം അതിക്രമിച്ചെന്നുമാണ് ആലിയ പറയുന്നത്. തന്റെ വിവാഹത്തിനും മറ്റും മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കുന്നതിനെതിരെയും ആലിയ രംഗത്ത് വന്നിരുന്നു.
Alia gets Rs 85 lakh per social media post