---
title: "പാട്ട് വിവാദമായി, പിന്നാലെ വധഭീഷണിയും; ബാദ്ഷായെ വിടാതെ പിന്തുടർന്ന് ലോറൻസ് ബിഷ്ണോയി സംഘം"
english_title: "Lawrence Bishnoi's gang relentlessly pursues Badshah"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347856/lawrence-bishnois-gang-relentlessly-pursues-badshah"
published_at: "2026-03-15T14:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67959a2c5a_17.jpg"
keywords: []
---

# പാട്ട് വിവാദമായി, പിന്നാലെ വധഭീഷണിയും; ബാദ്ഷായെ വിടാതെ പിന്തുടർന്ന് ലോറൻസ് ബിഷ്ണോയി സംഘം

> **Lead Summary:** **[** പ്രശസ്ത റാപ്പർ ബാദ്ഷായുടെ സംഗീത ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. ബാദ്ഷായുടെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ 'ടട്ടീരി'യുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇപ്പോൾ താരത്തിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നത്.

## Article Content

**[** പ്രശസ്ത റാപ്പർ ബാദ്ഷായുടെ സംഗീത ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. ബാദ്ഷായുടെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ 'ടട്ടീരി'യുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇപ്പോൾ താരത്തിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നത്.

ബാദ്ഷായുടെ നെറ്റിയിൽ വെടിവെക്കുമെന്നും 2024-ൽ അദ്ദേഹത്തിന്റെ ക്ലബ്ബിന് മുന്നിൽ നടന്ന സ്ഫോടനം വെറുമൊരു 'ട്രെയിലർ' മാത്രമായിരുന്നു എന്നുമാണ് ഫേസ്ബുക്കിലൂടെ ബിഷ്ണോയി സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹരിയാനയുടെ സംസ്കാരത്തെയും സ്ത്രീകളെയും അപമാനിക്കുന്ന രീതിയിലാണ് ബാദ്ഷാ ഗാനങ്ങൾ നിർമ്മിക്കുന്നത് എന്നാണ് രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ ഉൾപ്പെടുന്ന സംഘത്തിന്റെ ആരോപണം.

നേരത്തെ ചണ്ഡീഗഡിലെ ബാദ്ഷായുടെ ഉടമസ്ഥതയിലുള്ള 'സെവില്ലെ ബാർ ആൻഡ് ലോഞ്ചിന്' നേരെ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നുവെങ്കിലും, ഇപ്പോൾ ഈ സംഘം അത് തങ്ങളുടെ ശക്തിപ്രകടനത്തിന്റെ ഭാഗമായിരുന്നുവെന്ന് അവകാശപ്പെടുകയാണ്.

കൂടാതെ പാനിപ്പത്തിലെ ഒരു ഓഫീസിന് നേരെ നടന്ന വെടിവെപ്പും തങ്ങളുടേതാണെന്ന് ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദമായ 'ടട്ടീരി' എന്ന പാട്ടിലെ വരികൾക്കെതിരെ പഞ്ച്കുലയിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് യൂട്യൂബ് ഈ ഗാനം നീക്കം ചെയ്തിരുന്നു.

സംഭവം വഷളായതോടെ തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾക്ക് ബാദ്ഷാ പരസ്യമായി ക്ഷമാപണം നടത്തി. താൻ ഒരു ഹരിയാൻവിക്കാരനാണെന്നും ആ നാട്ടിലെ ജനങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിപ് ഹോപ് സംഗീതത്തിലെ ചില ശൈലികൾ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ലെന്നും തന്നെ ഹരിയാനയുടെ സ്വന്തം മകനായി കണ്ട് ജനങ്ങൾ ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എങ്കിലും അധോലോക സംഘത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ സംഗീത ലോകം ഏറെ ആശങ്കയോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347856/lawrence-bishnois-gang-relentlessly-pursues-badshah)