---
title: "കന്നഡ നടൻ മരിച്ച നിലയിൽ; ഭാര്യാസഹോദരൻ അറസ്റ്റിൽ"
english_title: "Kannada actor found dead; Brother-in-law arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49970/kannada-actor-found-dead-brother-in-law-arrested"
published_at: "2022-06-20T15:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0426b1ff68_vajra.jpg"
keywords: []
---

# കന്നഡ നടൻ മരിച്ച നിലയിൽ; ഭാര്യാസഹോദരൻ അറസ്റ്റിൽ

> **Lead Summary:** കന്നഡ നടൻ സതീഷ് വജ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭാര്യാസഹോദരൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ സതീഷിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

കന്നഡ നടൻ സതീഷ് വജ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭാര്യാസഹോദരൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ സതീഷിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ട അയൽവാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുന്നതും പൊലീസ് എത്തിയതും. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഏഴ് മാസം മുമ്പ് സതീഷിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് ഭാര്യവീട്ടുകാർ ആരോപിച്ചത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് നോക്കിയിരുന്നത്.

കുട്ടിയെ കാണാനായി സതീഷ് ഭാര്യവീട്ടിൽ എത്തിയിരുന്നുവെന്നും കുട്ടിയെ തിരിച്ചു കിട്ടുന്നതിനു നിയമനടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദർശൻ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടർന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49970/kannada-actor-found-dead-brother-in-law-arrested)