#Latest News #Kerala University #Question Paper Error #Kerala Education #Vice-Chancellor Dr. Mohanan Kunnummal
തിരുവനന്തപുരം: ( www.truevisionnews.com ) കേരള സര്‍വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവ്. കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്.
"ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇന്‍ ഇന്ത്യ" എന്ന വിഷയത്തിലെ രണ്ട് വ്യത്യസ്ത സെറ്റുകളിലാണ് പിഴവ് ഉള്ളത്. മൂന്ന് ചോദ്യങ്ങള്‍ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലും ആവര്‍ത്തിച്ചാണ് ചോദിച്ചത്. ഇതുകൂടാതെ നാല് ചോദ്യങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീന്‍ ആണെന്നാണ് പ്രാഥമിക വിവരം. വകുപ്പ് മേധാവിക്ക് ഇതില്‍ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. വിഷയത്തില്‍ സമഗ്ര റിപ്പോര്‍ട്ട് ഇന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് ലഭിക്കും.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ചോദ്യപേപ്പര്‍ എ ഐ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു.
കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പറുകളില്‍ തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിലും അച്ചടിക്കുന്നതിലും കൃത്യമായ പരിശോധന നടക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി.
നേരത്തെ ബിഎസ്സി രണ്ടാം സെമസ്റ്റര്‍ സ്റ്റാറ്ററ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിലും വലിയ പിഴവ് സംഭവിച്ചിരുന്നു. അഞ്ചാം ചോദ്യത്തിനൊപ്പം അതിന്റെ ഉത്തരവും ചോദ്യപേപ്പറില്‍ തന്നെ പ്രിന്റ് ചെയ്ത് വന്നിരുന്നു.
ആ സംഭവത്തില്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് സര്‍വകലാശാല വിശദീകരണം തേടിയിരുന്നു.പരാതികള്‍ ലഭിച്ചില്ലെങ്കിലും ഇത്തവണ സ്വമേധയാ ചോദ്യപേപ്പറുകള്‍ പരിശോധിച്ച് വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിക്കാനാണ് സാധ്യത.
Content Highlight: Kerala University Question Paper Error Again: History Dean Responsible, VC to Get Report Today
#Latest News #Kerala University #Question Paper Error #Kerala Education #Vice-Chancellor Dr. Mohanan Kunnummal

































