2026-07-24T08:08:00

#Ahana Krishna #Krishna Kumar #Delhi Student Protest #Kerala Actress #BJP #NEET Protest

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടി അഹാന കൃഷ്ണ. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ അഭിപ്രായത്തിന് തികച്ചും എതിരായാണ് അഹാനയുടെ പ്രതികരണം വന്നിരിക്കുന്നത്.രാജ്യവ്യാപകമായി ചർച്ചയാകുന്ന ഡൽഹി വിദ്യാർത്ഥി സമരത്തിന് പിന്തുണ വർധിച്ചുവരുന്നതിനിടെ, ഭരണകൂടത്തെയും പൊലീസിന്റെ അടിച്ചമർത്തലിനെയും ന്യായീകരിക്കുന്ന രീതിയിലായിരുന്നു കൃഷ്ണ കുമാറിന്റെ കുറിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും കൃഷ്ണ കുമാറിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അച്ഛന്റെ നിലപാട് പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് മകൾ അഹാന രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന തന്റെ മനസ്സ് തുറന്നത്. വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങളെയും ഭരണകൂട സംവിധാനങ്ങളുടെ വീഴ്ചയെയും രൂക്ഷമായി വിമർശിച്ചാണ് അഹാനയുടെ കുറിപ്പ്.

"തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്. ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മൾ എപ്പോഴും കാണാത്ത ഒരു കഥയുണ്ട് - വർഷങ്ങളുടെ തയ്യാറെടുപ്പുകൾ, ത്യാഗങ്ങൾ, കഠിനാധ്വാനം നമ്മെ എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം.

ഓരോ വാർത്താ തലക്കെട്ടുകൾക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്" എന്നാണ് അഹാന പറഞ്ഞത്.പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ അടുത്തറിഞ്ഞ അനുഭവവും അഹാന പങ്കുവെച്ചു.

"അത് എത്രത്തോളം ദാരുണമാണെന്നും, അത് അവരുടെ പ്ലാനുകളെ മാത്രമല്ല, നീതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങളെത്തന്നെ എങ്ങനെയാണ് തകർത്തു കളയുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്" എന്ന് അവർ കൂട്ടിച്ചേർത്തു.സാമ്പത്തികമായി ഭദ്രമായ കുടുംബത്തിലെ കുട്ടിക്ക് തിരിച്ചടി ഒരു തിരിച്ചടി മാത്രമായിരിക്കാമെന്നും, എന്നാൽ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുടുംബത്തിന് വിദ്യാഭ്യാസമാണ് ജീവിതം മാറ്റിമറിക്കാനുള്ള ഏക വഴിയെന്നും അഹാന ചൂണ്ടിക്കാട്ടി.

"ആ വിശ്വാസം തകരുമ്പോൾ, അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്." ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും, യാതൊരു ഇളവുകളുമില്ലാതെ അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ട്" എന്ന് പറഞ്ഞുകൊണ്ടാണ് അഹാന കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: Ahana Krishna Slams Father Krishna Kumar Over Delhi Student Protest Remarks

#Ahana Krishna #Krishna Kumar #Delhi Student Protest #Kerala Actress #BJP #NEET Protest

Next TV

Top Stories










News Roundup