#Latest News #Ambergris #Pandalam #DANSAF #Kerala Police #Wildlife Crime
പന്തളം: (truevisionnews.com) അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 6 കിലോ തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) രണ്ടുപേരെ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഓടനാവട്ടം സ്വദേശി രാജീവ് (39), കൊട്ടാരക്കര സ്വദേശി സോമൻ (48) എന്നിവരാണ് അറസ്റ്റിലായത്. പന്തളം വലിയപാലത്തിന് സമീപം നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ പ്രതികൾ പൊലീസിന്റെ കൈകാണിക്കൽ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പൊലീസ് വാഹനം കുറുകെയിട്ട് സാഹസികമായി പിടികൂടുകയായിരുന്നു.
അഞ്ചു വർഷം മുൻപ് ലക്ഷദ്വീപിൽ നിന്ന് വാങ്ങിയ ആംബർഗ്രിസ് ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽപ്പന നടത്താൻ കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായതെന്ന് പ്രതികൾ മൊഴി നൽകി. ജില്ലയിൽ ആംബർഗ്രിസ് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത ആംബർഗ്രിസ് വനം വകുപ്പ് കോന്നി ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.
തുടരന്വേഷണവും റിമാൻഡ് അടക്കമുള്ള നിയമനടപടികളും വനംവകുപ്പാണ് സ്വീകരിക്കുക. എസ്.എച്ച്.ഒ വി. സജീഷ് കുമാർ, എസ്.ഐ യു.വി. വിഷ്ണു, എ.എസ്.ഐ വിജയകുമാർ, ഡാൻസാഫ് സംഘാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Content Highlight: 2 Arrested With 6 Kg Ambergris Worth Crores In Pandalam
#Latest News #Ambergris #Pandalam #DANSAF #Kerala Police #Wildlife Crime
































