#Kozhikode Railway Station #TTE Attack #Train News #Farooq #Woman Attack TTE
കോഴിക്കോട്: ( www.truevisionnews.com ) ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനിലെ ടിടിഇക്ക് നേരെ യുവതിയുടെ മർദ്ദനമെന്ന് പരാതി. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. തിങ്കളാഴ്ച രാത്രി 7.30ഓടെ കോഴിക്കോട് ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ യുവതിയാണ് റിസർവേഷൻ കമ്പാർട്ട്മെന്റിൽ ജനറൽ ടിക്കറ്റെടുത്ത് ഇരുന്നത്.
പാലക്കാട് ഡിവിഷന് കീഴിലുള്ള ടിടിഇ സുജിത്ത് ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയപ്പോൾ യുവതിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ കോച്ചിൽ നിന്ന് മാറിയിരിക്കാനും അദ്ദേഹം നിർദേശിച്ചു.ഇതിൽ പ്രകോപിതയായ യുവതി ടിടിഇ സുജിത്തിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ സുജിത്തിന്റെ മുഖത്തിന് പരുക്കേറ്റു.
തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ടിടിഇ യുവതിക്കെതിരെ റെയിൽവേ പൊലീസിൽ പരാതി നൽകി.എന്നാൽ തന്നോട് ടിടിഇ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മറു ആരോപണം. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചുകളിൽ യാത്ര ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ സേനയും ടിടിഇമാരും കർശന പരിശോധന നടത്തുന്നുണ്ട്. ഇത്തരം പരിശോധനകൾക്കിടെ ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ആവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി റെയിൽവേ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Kozhikode Train TTE Attacked By Woman For Ticket Check
#Kozhikode Railway Station #TTE Attack #Train News #Farooq #Woman Attack TTE
































