#Latest news #Thiruvananthapuram Crime #Kidnapping #Kerala Police #Attack
തിരുവനന്തപുരം: (https://truevisionnews.com/) മകളെ വിവാഹം കഴിച്ചു നൽകാത്തതിലുള്ള വിരോധം മൂലം തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ശരീരത്തിൽ സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. കേസിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ നഗരൂർ പൊലീസ് കേസെടുത്തു. കുമ്മിൾ സ്വദേശിയായ സുധീഷ് ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഷംനാദ് ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികളുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വർക്കല, കല്ലമ്പലം, നഗരൂർ, കിളിമാനൂർ എന്നീ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വടശ്ശേരിക്കോണം സ്വദേശികളായ അച്ഛൻ അനിൽകുമാറിനെയും മകൻ അച്ചുവിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയത്. ജോലി നൽകാമെന്ന് പറഞ്ഞ് അനിൽകുമാറിനെ വിളിച്ചുവരുത്തിയ ശേഷം ഇരുവരെയും നഗരൂരിലെ പണിതീരാത്ത ഒരു വീട്ടിലെത്തിക്കുകയായിരുന്നു.
ഇവിടെ വച്ച് ചങ്ങലയിൽ ബന്ധിച്ച് മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. അനിൽകുമാറിന്റെ ഭാര്യയെയും അപായപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നു.തുടർന്ന് മകൻ അച്ചു നഗരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ തടങ്കലിലാക്കിയ വീട്ടിൽ നിന്ന് നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ, മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു. പരിക്കേറ്റ അനിൽകുമാറും അച്ചുവും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്
Content Highlight: Thiruvananthapuram Kidnapping Case: Father and Son Attacked Over Marriage Dispute
#Latest news #Thiruvananthapuram Crime #Kidnapping #Kerala Police #Attack

































