#Latest News #Sameera Reddy #Menopause #Health #Bollywood
(moviemax.in) സ്ത്രീജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമായ ആർത്തവവിരാമത്തെ (മെനോപോസ്) സമൂഹം അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് തുറന്നടിച്ച് ബോളിവുഡ് നടി സമീര റെഡ്ഡി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലയളവിനെക്കുറിച്ച് വേണ്ടത്ര ചർച്ചകളോ പിന്തുണയോ ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
"ഒരു സ്ത്രീ പ്രസവിക്കുമ്പോൾ, അവൾക്ക് എല്ലാവിധ പരിചരണങ്ങളും പോഷകാഹാരങ്ങളും നൽകി ഒരു രാജ്ഞിയെപ്പോലെ നോക്കുന്നു. എന്നാൽ, അതേ സ്ത്രീ മെനോപോസിലൂടെ കടന്നുപോകുമ്പോൾ അവൾക്ക് ലഭിക്കേണ്ട പിന്തുണയും കരുതലുമൊന്നും ലഭിക്കുന്നില്ല.
നിശബ്ദമായി ഈ അവസ്ഥ നേരിടാനാണ് പലരും ഉപദേശിക്കുന്നത്," സമീര ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗർഭകാലത്തെപ്പോലെ തന്നെ മെനോപോസിനെക്കുറിച്ചും കൂടുതൽ ഗവേഷണങ്ങളും ബോധവൽക്കരണങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, അപ്പോഴേ കുടുംബാംഗങ്ങൾക്കും പങ്കാളികൾക്കും ആ സമയത്ത് അവർക്ക് എങ്ങനെ താങ്ങായി നിൽക്കാമെന്ന് മനസ്സിലാകൂ എന്നും നടി കൂട്ടിച്ചേർത്തു.
മകൻ ജനിച്ചതിന് ശേഷം താൻ നേരിട്ട പ്രസവാനന്തര വിഷാദത്തെക്കുറിച്ചും (Postpartum Depression) സമീര തുറന്നുപറഞ്ഞു. അക്കാലത്ത് തന്റെ ഭാരം നൂറുകിലോ വരെ എത്തിയിരുന്നെന്നും, കടുത്ത ഹോർമോണൽ പ്രശ്നങ്ങൾ കാരണം പലപ്പോഴും തകർന്നുപോയിട്ടുണ്ടെന്നും താരം ഓർക്കുന്നു.
അത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർ തനിച്ചല്ലെന്നും, പരസ്പരം പിന്തുണ നൽകി ഈ കഠിനകാലത്തെ അതിജീവിക്കേണ്ടതുണ്ടെന്നും സമീര ഓർമ്മിപ്പിക്കുന്നു. സാധാരണയായി 45-50 വയസ്സിലാണ് സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നത്. ഹോർമോൺ ഉൽപാദനം നിൽക്കുന്നതോടെ ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങൾ ഈ പ്രായത്തിൽ ഉണ്ടാകുന്നു.
ഹോട്ട ഫ്‌ളഷസ്, ഉറക്കക്കുറവ്, വിഷാദം, ദേഷ്യം, അസ്ഥിക്ഷയം (Osteoporosis) തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ഘട്ടത്തിൽ സാധ്യതയുണ്ട്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഈ ശാരീരിക-മാനസിക മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിജീവനത്തിന് ആവശ്യമായ പിന്തുണ കുടുംബങ്ങളിൽ നിന്ന് ലഭിക്കണമെന്നുമാണ് സമീര മുന്നോട്ടുവെക്കുന്ന ആശയം.
Content Highlight: Sameera Reddy Opens Up On Menopause Lack Of Support And Postpartum Depression

































