#Latest news #Vadakara Abhijit death #Azhiyur youth suicide #Kozhikode crime news
കോഴിക്കോട്: (truevisionnews.com) വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയെയും മർദ്ദനത്തെയും തുടർന്നാണെന്ന പരാതിയുമായി കുടുംബവും സുഹൃത്തുക്കളും രംഗത്ത്.
നാട്ടുകാരായ ആറംഗ സംഘം തങ്ങളെ അതിക്രൂരമായി മർദ്ദിച്ചതായും മാനസികമായി പീഡിപ്പിച്ചതായും അഭിജിത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. ക്രൂരമായ മർദ്ദനത്തിലും അപമാനത്തിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ ഞായറാഴ്ചയാണ് അഴിയൂർ സ്വദേശിയായ അഭിജിത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് രണ്ടുദിവസം മുൻപ് ജോലിസ്ഥലത്ത് നിന്നുൾപ്പെടെ അഭിജിത്തിനെ വിളിച്ചുവരുത്തി ഒരു സംഘം യുവാക്കൾ മർദ്ദിക്കുകയായിരുന്നു.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും പരസ്യ വിചാരണയും. ലഹരി ഉപയോഗിക്കുന്ന വിവരം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും അഭിജിത്തിനെ നിർബന്ധിച്ച് കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.
സംഭവസമയത്ത് അഭിജിത്തിനെ സംഘം വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിന് പിന്നാലെ അഭിജിത്തിന്റെ മൊബൈൽ ഫോണും ഈ സംഘം പിടിച്ചുവെച്ചിരുന്നു. അപമാന ഭാരത്താലും ഭയം കാരണവുമാണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ കുടുംബം ചോമ്പാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ആൾക്കൂട്ട വിചാരണയ്ക്കും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പുറത്തുവന്ന ദൃശ്യങ്ങളുടെയും സുഹൃത്തുക്കളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.
Content Highlight: Kozhikode Vadakara 17 Year Old Boy Abhijit Suicide Case Allegation of Moral Policing and Assault
#Latest news #Vadakara Abhijit death #Azhiyur youth suicide #Kozhikode crime news
































