#Pinarayi Vijayan #K Muraleedharan #Sabarimala #High Court
തിരുവനന്തപുരം: ( www.truevisionnews.com ) ദേവസ്വം മന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലെന്ന മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെയും നിയമവ്യവസ്ഥയെയും സ്വാഗതം ചെയ്തവരാണ് ഇപ്പോൾ അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന തരത്തിൽ മന്ത്രിമാർ പരസ്യമായി സംസാരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ശബരിമല സ്വർണക്കള്ളക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി. കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം ബോർഡിന്റെ സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാർ നിയമിച്ചതാണ് ഇതിന് ഉദാഹരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ നടപടി റദ്ദ് ചെയ്യേണ്ടി വന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇത്തരം നിലപാടുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമലയുടെ ഭരണവും ആചാരങ്ങളും സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.
കോടതി വിധികൾ കാരണം സർക്കാരിന് കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ബഹു. ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘമാണല്ലോ ഈ കേസ് അന്വേഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാര്‍ നിയമിക്കുകയുണ്ടായി. വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിന് പ്രോസിക്യൂഷന്‍ ഏല്‍പ്പിച്ചാല്‍ കേസ് നല്ലരീതിയില്‍ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി പറഞ്ഞത്.
പ്രതിപക്ഷത്തുള്ളപ്പോൾ ദേവസ്വം വിഷയങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണങ്ങൾ സ്വാഗതം ചെയ്തവര്‍ അധികാരത്തിലെത്തിയപ്പോൾ കോടതിയുടെ ഇടപെടല്‍ സംബന്ധിച്ച നിലപാട് തന്നെ മാറ്റുകയാണ്. കോടതിയുടെ മേൽനോട്ടത്തെ തങ്ങളുടെ സൗകര്യപൂര്‍വ്വം സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും അല്ലാത്തപ്പോൾ തടസ്സങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്.
ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു മന്ത്രിയിൽ നിന്നും കോടതിക്കെതിരായി ഉണ്ടായ ഈ പരാമർശം ഗൗരവമായി കാണണം. സ്വര്‍ണ്ണക്കൊള്ള കേസിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടും. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
Content Highlight: Pinarayi Vijayan Slams Minister K Muraleedharan Over Sabarimala Remarks





























