#R Sugathan #Viyyur Jail #Kappa Case #BJP Councillor #Thiruvananthapuram Corporation
തിരുവനന്തപുരം: (https://truevisionnews.com/) കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ. സുഗതൻ ജയിൽമുറിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജനവിധി മാനിക്കുകയെന്നത് അനിവാര്യമാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ പറയുന്നു. വാർഡ് 20-ലെ കൗൺസിലറായ സുഗതൻ, നേരത്തെ ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി അത് അസാധുവാക്കിയിരുന്നു.
സത്യപ്രതിജ്ഞയ്ക്കായി താൽക്കാലിക ജാമ്യം ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കാപ്പ തടവുകാരനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താൻ കോടതി നിർദ്ദേശിച്ചത്.
നെടുമങ്ങാട് കോടതി മുൻപ് രണ്ട് കേസുകളിൽ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, കാപ്പയിൽ നിന്ന് മോചിതനായാൽ മാത്രമേ അത് ബാധകമാകൂ എന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ തടവുകാരനായി ജയിലിൽ കഴിയുന്ന സുഗതൻ തിരുവനന്തപുരം നഗരസഭയിലെ 20-ാം വാർഡ് കൗൺസിലറാണ്.
Content Highlight: Kerala First BJP Councillor Sugathan Takes Oath In Viyyur Jail
#R Sugathan #Viyyur Jail #Kappa Case #BJP Councillor #Thiruvananthapuram Corporation




























