#Latest news #R Sugathan #Viyyur Jail #Kerala HC #BJP Councillor #Thiruvananthapuram Corporation
കൊച്ചി: (truevisionnews.com) കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ 11 മണിക്ക് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക വിധി.
ജനവിധി മാനിക്കേണ്ടതുണ്ടെന്നും ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും കോടതി നിരീക്ഷിച്ചു. ചടങ്ങിലേക്ക് അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും പ്രവേശനം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കോടതി വിധി മാനിക്കുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രതികരിച്ചു. "നാളെ കോടതി നിർദ്ദേശിച്ച സമയത്ത് തന്നെ സത്യപ്രതിജ്ഞ നടക്കും. ഇതിനായി ഇന്ന് തന്നെ വിയ്യൂരിലേക്ക് തിരിക്കും. 101 കൗൺസിലർമാരിൽ ഒരാൾക്കും ഇതുവരെ അയോഗ്യത വന്നിട്ടില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ്, ഭരണസമിതി എല്ലാവരെയും സംരക്ഷിക്കും," മേയർ വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്ക്കായി തന്നെ ജയിലിൽ നിന്ന് പുറത്തിറക്കണമെന്നായിരുന്നു സുഗതന്റെ ആദ്യ ആവശ്യം. എന്നാൽ, കാപ്പ തടവുകാരനായതിനാൽ പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ജയിലിൽ വെച്ചുതന്നെ ചടങ്ങ് നടത്താൻ കോടതി അനുമതി നൽകിയത്. നേരത്തെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സുഗതന് അവസരം ഒരുങ്ങുന്നത്.
Content Highlight: Kerala HC Allows BJP Councillor R Sugathan to Take Oath Inside Viyyur Jail
#Latest news #R Sugathan #Viyyur Jail #Kerala HC #BJP Councillor #Thiruvananthapuram Corporation
































